ഹൈദരാബാദ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമുണ്ടായ വിവിധ അപകടങ്ങളെ തുടർന്ന് തെലങ്കാനയിൽ മരിച്ചവരുടെ എണ്ണം 50 കടന്നു. ഏകദേശം 60,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു.
ഹൈദരാബാദ് നഗരത്തിൽ റോഡുകളും ഇടവഴികളിലും നദിയിലെ വെള്ളം നിറഞ്ഞതോടെ ഒരു കുടുംബത്തിലെ ഒമ്പതുപേർ ഒലിച്ചുപോയി. ഇതിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. ഒരു കുട്ടിയടക്കം അഞ്ചുപേർക്കായി തിരച്ചിൽ ആരംഭിച്ചു. 55 കാരനായ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഒഴുക്കിനിടെ മരത്തിൽ പിടിച്ചുനിന്ന് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്. ഹൈദരാബാദിൽ മാത്രമായി 31 പേർ മരിച്ചു. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കോവിഡ് രോഗബാധ ക്രമാതീതമായി വർധിക്കുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉടൻ 1350 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിക്ക് കത്തെഴുതി. 64 ദുരിതാശ്വാസ ക്യാമ്പുകളിലായി 44,000 പേർ കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.