ശൈശവ വിവാഹത്തിൽ അറസ്റ്റിലായവരെ പാർപ്പിക്കാൻ താൽകാലിക ജയിലൊരുക്കി അസം സർക്കാർ

ഗുവാഹത്തി: ശൈശവ വിവാഹത്തിൽ അറസ്റ്റിലായവരെ പാർപ്പിക്കാൻ താൽകാലിക ജയിലൊരുക്കാനൊരുങ്ങി അസം സർക്കാർ. സിൽച്ചാർ മൈതാനം താൽകാലിക ജയിലാക്കി മാറ്റാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് ഇതുവരെ 2,500പേരാണ് ശൈശവ വിവാഹത്തിന്‍റെ പേരിൽ അറസ്റ്റിലായത്. താൽകാലിക ജയിലുകൾ ദിവസങ്ങൾക്കകം പ്രവർത്തനക്ഷമമാക്കുമെന്ന് അസം പൊലീസ് അറിയിച്ചു.

"ഞങ്ങൾ ഇതുവരെ ഒരുപാട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകും. അതിനാൽ പ്രതികളെ പാർപ്പിക്കാൻ താൽകാലിക ജയിൽ കണ്ടെത്തി ആവശ്യമെങ്കിൽ അവ ഉപയോഗപ്പെടുത്താൻ സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്"- കച്ചാർ പൊലീസ് സൂപ്രണ്ട് നുമാൽ മഹത്ത പറഞ്ഞു.

വനിതാ പ്രവർത്തകരുടെ അറസ്റ്റിനെതിരെ ഇന്നലെ ഗോൾപാറ ജില്ലയിലും കച്ചാർ ജില്ലയിലും വൻ പ്രതിഷേധ പ്രകടനങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

താൽകാലിക ജയിലുകളാക്കി മാറ്റിയ മാറ്റിയയിലെ ട്രാൻസിറ്റ് ക്യാമ്പിനും സിൽച്ചാറിലെ സ്റ്റേഡിയത്തിന് പുറത്തുമാണ് പ്രതിഷേധം നടന്നത്. ശൈശവ വിവാഹത്തിനെതിരെയുള്ള നടപടി ആവശ്യമെങ്കിൽ 2026ലെ സംസ്ഥാന തെരഞ്ഞെടുപ്പ് വരെ തുടരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ 6.2 ലക്ഷത്തിലധികം ഗർഭിണികളിൽ 17 ശതമാനവും കൗമാരപ്രായത്തിലുള്ള ഗർഭധാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെ പോക്സോ നിയമപ്രകാരവും 14നും 18നുമിടക്കുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെ ശൈശവ വിവാഹം തടയൽ നിയമപ്രകാരവും കേസെടുക്കുമെന്നും ഈ വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Temporary Jails Come Up As Assam Continues Crackdown On Child Marriages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.