മുസ്‍ലിമിനെതിരായ 'പത്ത് കൽപനകൾ'-ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പരാമർശങ്ങൾ വീണ്ടും ചർച്ചയാകുന്നു

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താവ് നൂപുർ ശർമയുടെയും ഡൽഹി മാധ്യമ വിഭാഗം മേധാവി നവീൻ ജിൻഡാലിന്റെയും പരാമർശങ്ങൾ വൻ വിവാദമാവുകയും വിവിധ രാജ്യങ്ങൾ ഇതിനെതിരെ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിൽ സംഘ്പരിവാർ കേന്ദ്രങ്ങൾ കഴിഞ്ഞ വർഷം മാത്രം മുസ്‍ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളും നടപടികളും വീണ്ടും ചർച്ചയാവുന്നു. മുഖ്യമന്ത്രിമാരും എം.എൽ.എമാരുമെല്ലാം മുസ്‍ലിം വിദ്വേഷം ഇളക്കിവിടുന്നതിൽ നേരിട്ട് പങ്കാളികളായിട്ടുണ്ട്. പലർക്കെതിരെയും പൊലീസ് കേസെടുത്തെങ്കിലും പാർട്ടി തലത്തിൽ നടപടിയുണ്ടായിരുന്നില്ല. തുടർക്കഥയാകുന്ന ബി.ജെ.പി നേതാക്കളുടെ മുസ്‍ലിം വിദ്വേഷത്തിന്റെ മറ്റു ഉദാഹരണങ്ങൾ പരിശോധിക്കാം.

യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗങ്ങൾ

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് മുസ്‍ലിം വിരുദ്ധതയും ഭിന്നിപ്പും വളർത്തലായിരുന്നു. കുറ്റവാളികൾ, മാഫിയകൾ, കലാപകാരികൾ തുടങ്ങിയ പേരുകളിൽ മുസ്‍ലിംകളെ വിശേഷിപ്പിച്ച അദ്ദേഹം താലിബാനെ പിന്തുണക്കുന്നവരായും ചിത്രീകരിച്ചു.

'നിന്റെ പേര് മുഹമ്മദാണോ?'

മേയ് മാസത്തിൽ മധ്യപ്രദേശിൽ ബി.ജെ.പി പ്രാദേശിക നേതാവ് ദിനേശ് കുശ്‍വാഹയുടെ മർദനത്തെ തുടർന്ന് ഭിന്നശേഷിക്കാരനായ 65കാരൻ ഭവർലാൽ ജെയിനിനെ മരിച്ച നിലയിൽ കണ്ടെത്തി. നിന്റെ പേര് മുഹമ്മദാണോ എന്ന് ചോദിച്ച് ഇദ്ദേഹത്തെ മർദിക്കുന്ന വിഡിയോ പിന്നീട് പുറത്തുവരികയും വൈറലാവുകയും ചെയ്തിരുന്നു.

'മുസ്‌ലിംകളെ ചുട്ടുകൊല്ലണം'

ദസറ ആഘോഷത്തിൽ ഹിന്ദുക്കൾ രാവണന്റെ കോലം കത്തിക്കുന്നത് പോലെ മുസ്‍ലിംകളെയും ചുട്ടുകൊല്ലണമെന്ന് ബിഹാർ ബി.ജെ.പി എം.എൽ.എ ഹരിഭൂഷൺ താക്കൂർ ബചൗൾ ഒരു മാസം മുമ്പ് പറഞ്ഞിരുന്നു. 2022 ഫെബ്രുവരിയിൽ, ഇന്ത്യയിൽ താമസിക്കുന്ന മുസ്‌ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്നും രണ്ടാംതരം പൗരന്മാരായി പരിഗണിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മുസ്‍ലിംവിരുദ്ധ മുദ്രാവാക്യവും വംശഹത്യ ആഹ്വാനവും

2022 ആഗസ്റ്റ് 10ന്, ഡൽഹിയിലെ ജന്തർ മന്ദറിൽ, ഏക സിവിൽകോഡ് അനുകൂല റാലിയിൽ നടന്ന മുസ്‍ലിം വിരുദ്ധ മുദ്രാവാക്യത്തിൽ പങ്കെടുത്തതിന് ബി.ജെ.പി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ അറസ്റ്റിലായിരുന്നു. മുസ്‍ലിംകളെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നിരുന്നു.

ഹരിദ്വാറിൽ നടന്ന ധർമസൻസദിലും ഇദ്ദേഹം ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ഈ പരിപാടിയിൽ, മ്യാൻമറിലെ റോഹിങ്ക്യകളുടെ ശൈലിയിൽ ഇന്ത്യൻ മുസ്‍ലിംകളെ വംശഹത്യ ചെയ്യാൻ ആഹ്വാനമുണ്ടായി. മുസ്‍ലിംകൾക്കെതിരെ ആയുധമെടുക്കണമെന്ന് യതി നരസിംഹാനന്ദ് ആവശ്യപ്പെട്ടത് ഇതിൽ വെച്ചാണ്. ധർമസൻസദിൽ പ​ങ്കെടുത്ത മഹിള മോർച്ച നേതാവ് ഉദിത ത്യാഗി പിന്നീട് നരസിംഹാനന്ദിനെ പിന്തുണക്കുകയാണുണ്ടായത്.

'ഹിന്ദുക്കൾ ഉണർന്നാൽ...'

തെരഞ്ഞെടുപ്പിന് മുന്നോടിയായി, കിഴക്കൻ ഉത്തർപ്രദേശിലെ സിദ്ധാർഥ നഗറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ മായങ്കേശ്വർ സിങ് നടത്തിയ പ്രസംഗം ​ഏറെ പ്രകോപനമുണ്ടാക്കുന്നതായിരുന്നു. "ഹിന്ദുസ്ഥാനിലെ ഹിന്ദുക്കൾ ഉണർന്നാൽ താടി വലിച്ച് ചോട്ടിയ (മുറുക്കിയ ജട) ഉണ്ടാക്കും. നിങ്ങൾക്ക് ഇവിടെ ജീവിക്കണമെങ്കിൽ 'രാധേ രാധേ' എന്ന് പറയണം, അല്ലെങ്കിൽ വിഭജന സമയത്ത് പാകിസ്താനിലേക്ക് പോയവരെ പോലെ നിങ്ങൾക്കും പോകാം" എന്നായിരുന്നു പ്രസംഗം.

ബജ്‌റംഗ് ദളിന്റെ ആയുധ പരിശീലന ക്യാമ്പിൽ മൂന്ന് ബി.ജെ.പി എം.എൽ.എമാർ

മേയ് അഞ്ചിന്, കർണാടകയിലെ കുടക് ജില്ലയിൽ എയർഗണ്ണുകളും ത്രിശൂലങ്ങളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ബജ്‌റംഗ് ദൾ സംഘടിപ്പിച്ച ആയുധ പരിശീലന ക്യാമ്പിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ ബി.ജെ.പി എം.എൽ.എമാരായ ബൊപ്പയ്യ, അപ്പച്ചു രഞ്ജൻ, സുജ കുശലപ്പ എന്നിവർ പ​ങ്കെടുത്തിരുന്നു. ഇവർക്കെതിരെ പിന്നീട് കേസെടുത്തെങ്കിലും പൊലീസുകാർ പിന്നീട് കർണാടക ലോകായുക്തയിലേക്ക് സ്ഥലം മാറ്റപ്പെട്ടു.

'എനിക്ക് വോട്ട് ചെയ്യാത്ത ഹിന്ദുക്കളുടെ സിരകളിൽ മുസ്‍ലിം രക്തം'

മുസ്‍ലിം വിരുദ്ധ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ഉത്തർപ്രദേശിലെ ദുമാരിയഗഞ്ചിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രാഘവേന്ദ്ര പ്രതാപ് സിങ് മുസ്‍ലിംകളെ ഭീഷണിപ്പെടുത്തുന്നതും തനിക്ക് വോട്ട് ചെയ്യാത്ത എല്ലാ ഹിന്ദുക്കളിലും മുസ്‍ലിം രക്തമുണ്ടെന്ന് ആരോപിക്കുന്നതുമായ വിഡിയോ വൈറലായിരുന്നു. ഫെബ്രുവരിയിൽ പ്രചരിച്ച ഒരു വിഡിയോയിൽ, "ഞാൻ എം.എൽ.എ ആയശേഷം, അവർ (മുസ്‍ലിംകൾ) തലയോട്ടി തൊപ്പി ധരിക്കുന്നത് നിർത്തി. നിങ്ങൾ എനിക്ക് വീണ്ടും വോട്ട് ചെയ്താൽ അവർ തിലകം ധരിക്കാൻ തുടങ്ങുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

'യോഗിക്ക് വോട്ട് ചെയ്യുക അല്ലെങ്കിൽ ബുൾഡോസറുകളെ നേരിടുക'

തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജ സിങ് യോഗിക്ക് വോട്ട് ചെയ്യുക അല്ലെങ്കിൽ ബുൾഡോസറുകളെ നേരിടുകയെന്ന പരാമർശവുമായി രംഗത്തെത്തിയിരുന്നു. ആയിരക്കണക്കിന് ബുൾഡോസറുകളും ജെ.സി.ബികളും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാങ്ങിയിട്ടുണ്ട്, അവ യാത്രയിലാണ്. തെരഞ്ഞെടുപ്പിന് ശേഷം യോഗിജിക്കെതിരെ വോട്ട് ചെയ്തവരെ അവ കണ്ടെത്തും. യോഗി ആദിത്യനാഥിനെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്ത യു.പിയിലെ രാജ്യദ്രോഹികളോട് നിങ്ങൾക്ക് അവിടെ തുടരണമെങ്കിൽ യോഗി-യോഗി എന്ന് ജപിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

'മാംസക്കടകൾ അടച്ചുപൂട്ടൽ രാമരാജ്യത്തിന്റെ അനിവാര്യത'

ജനുവരിയിൽ, വർഗീയ പ്രസ്താവനകളിൽ കുപ്രസിദ്ധനായ ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ നന്ദ് കിഷോർ ഗുർജാർ മാംസക്കടകൾ അടച്ചുപൂട്ടുന്നതിനെ പിന്തുണക്കുകയും ഇത് 'രാമരാജ്യ'ത്തിന്റെ അനിവാര്യമായ വ്യവസ്ഥയാണെന്ന് സൂചിപ്പിക്കുകയും ചെയ്തു.

2020ൽ, ബക്രീദിൽ "നിരപരാധികളായ മൃഗങ്ങൾക്ക് പകരം കുട്ടികളെ ബലിയർപ്പിക്കാനും ഇദ്ദേഹം മുസ്‍ലിംകളെ ഉപദേശിച്ചിരുന്നു. മാംസമാണ് കൊറോണ വൈറസിന്റെ വ്യാപന കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Ten Commandments Against Muslims: BJP leaders' Hateful remarks discusses again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.