ബംഗളൂരു: ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടിയിൽ മധു എന്ന യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയതിന് സമാനമായ സംഭവം കർണാടകയിലും. കർണാടക ഹാവേരിയിൽ കടയുടമയുടെ ക്രൂരമർദനത്തിനിരയായ പത്ത് വയസ്സുകാരന് ആശുപത്രിയിൽ ദാരുണാന്ത്യം. ഹാവേരി ഹംഗല്‍ താലൂക്കില്‍ ഉപ്പനശി ഗ്രാമത്തിലെ നാഗയ്യ ഹിരേമതിെൻറ മകന്‍ ഹരീഷയ്യയാണ് മരിച്ചത്. തിങ്കളാഴ്ച ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലായിരുന്നു മരണം.
മാര്‍ച്ച് 16നാണ് കേസിന്നാസ്പദമായ സംഭവം. ഗ്രാമത്തിലെ കടയില്‍ നിന്ന് ലഘുഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമയായ ശിവരുദ്രപ്പ ബാലനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മുറിയില്‍ പൂട്ടിയിട്ടായിരുന്നു മർദനം. ഹരീഷയ്യയെ കാണാതായ വീട്ടുകാര്‍ അന്വേഷിച്ച് കടയിലെത്തിയപ്പോൾ മുറിയില്‍ കെട്ടിയിട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി.
മകനെ മോചിപ്പിക്കാന്‍ പിതാവ് അഭ്യർഥിച്ചെങ്കിലും വിട്ടയക്കില്ലെന്നായിരുന്നു കടയുടമയുടെ മറുപടി. വൈകീട്ടോടെ മാതാവ് ജയശ്രീ എത്തി കുട്ടിയെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പം കഴിഞ്ഞ് വിടാമെന്ന് കടയുടമ പ്രതികരിച്ചു. സന്ധ്യയായിട്ടും കുട്ടി തിരിച്ചെത്താത്തതിനാല്‍ ജയശ്രീ കടയിലേക്ക് തള്ളിക്കയറി. ബാലനെ നിലത്തിരുത്തി മുതുകിൽ വലിയ കല്ല് കെട്ടിവെച്ചിരുന്നു. ചോരയൊലിക്കുന്ന നിലയിലായിരുന്നു ബാലൻ.
കടയിൽ കയറിയതിന് ജയശ്രീയെ കടയുടമയും മകനും ബന്ധുവും ചേർന്ന് മർദിച്ചെങ്കിലും ബഹളം കേട്ട് പ്രദേശവാസികള്‍ ഓടിവന്നതിനാല്‍ ഹരീഷയ്യയുമായി ജയശ്രീ പുറത്തേക്കുവന്നു.
ബോധരഹിതനായ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 17ന് തന്നെ പിതാവ് നാഗയ്യ പൊലീസിനെ സമീപിച്ചെങ്കിലും കടയുടമക്കെതിരെ കേെസടുത്തില്ല. കഴിഞ്ഞ ദിവസം കുട്ടിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശിവരുദ്രപ്പയും കുടുംബവും ഒളിവിൽപോയി. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്നും പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹാവേരി എസ്.പി കെ. ദേവരാജു മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.