ചെന്നൈ: 2014ലെ വഖഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ വൻ പ്രതിഷേധം. ഫെഡറേഷൻ ഓഫ് തമിഴ്നാട് ഇസ്‍ലാമിക് ഓർഗനൈസേഷന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചെന്നൈയിലെ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തിന് സമീപം നടന്ന പ്രകടനത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു.
ഫെഡറേഷൻ പ്രസിഡന്റ് മൗലാന പി.എ. ഖാജാ മുഹിയുദ്ദീൻ ബാഖവിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ആൾ ഇന്ത്യ മുസ്‍ലിം പേഴ്സനൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുറഹീം മുജദ്ദിദി പങ്കെടുത്തു. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള പല അവകാശങ്ങളും വഖഫ് ഭേദഗതി ബില്ല് എടുത്തു കളയുന്നതായി സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ബില്ലിൽ മുസ്‍ലിംകളോട് വിവേചനം കാണിക്കുന്ന ഭേദഗതികളുണ്ട്.
വഖഫ് സ്വത്തുക്കൾ കയ്യേറുന്നവർക്കുള്ള കഠിനമായ ശിക്ഷകളിൽ ഇളവ് വരുത്തി വഖഫ് സ്വത്തുക്കൾ കയ്യേറാൻ ഈ ഭേദഗതി ബിൽ വഴിയൊരുക്കുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി. വഖഫ് ബോർഡുകളെ സ്തംഭിപ്പിക്കാനും വഖഫ് സ്വത്തുക്കൾ കൈയേറാനുള്ള ഭരണഘടനാ വിരുദ്ധമായ വിവേചനപരമായ വ്യവസ്ഥകൾ അടങ്ങുന്ന വഖഫ് ഭേദഗതി ബിൽ 2024 പിൻവലിക്കണമെന്ന് നേതാക്കൾ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.
രാജ്യസഭയിലെ ഡി.എം.കെ കക്ഷി നേതാവ് ട്രിച്ചി ശിവ, ടി.എൻ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ സെൽവ പെരുന്തഗൈ, വിടുതലൈ സിരുതൈകൾ പാർട്ടി പ്രസിഡന്റ് ഡോ. തോൽ തിരുമാവളവൻ, ഇടതു നേതാവ് ആർ. സച്ചിതാനന്ദം എം.പി, കെ.എൻ.എം നേതാവ് ഹുസൈൻ മടവൂർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. എം.എൽ.എയും തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം പ്രസിഡന്റുമായ പ്രഫ. എം.എച്ച്. ജവാഹിറുല്ല, എസ്.ഡി.പി.ഐ ജനറൽ സെക്രട്ടറി എ.എസ്. ഉമർ ഫാറൂഖ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന പ്രസിഡന്റ് മൗലവി ഹനീഫ മൻബഈ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.