ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ട്രെയിനിൽ ടിക്കറ്റ് എടുത്തിട്ടും യാത്ര ചെയ്യാൻ സാധിക്കാതിരുന്നതോടെ ടിക്കറ്റ് തുക തിരികെ നൽകാൻ ആവശ്യപ്പെട്ട് യാത്രക്കാരൻ. എ.സി കോച്ചിൽ ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും കോച്ചിൽ തിരക്ക് കൂടിയതോടെ 27കാരനായ അൻഷുൽ ശർമയുടെ യാത്ര തടസപ്പെട്ടു. ഇതോടെ എക്സിൽ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് യാത്രക്കാരൻ കുറിപ്പ് പങ്കുവെക്കുകയായിരുന്നു.
ദീപാവലി യാത്ര നശിപ്പിച്ചതിന് നന്ദിയുണ്ടെന്നും തന്നെ പോലെ പല യാത്രക്കാർക്കും ട്രെയിനിൽ കയറാനായില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സഹായത്തിനായി പൊലീസുകാർ എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. എ.സി കോച്ചിലേക്ക് ആളുകൾ തള്ളിക്കയറുന്നതിന്റെ ദൃശ്യങ്ങളും ശർമ പങ്കുവെച്ചിരുന്നു.
തന്റെ കംപാർട്ട്മെന്റിലേക്ക് കയരാൻ ശ്രമിക്കുന്നതിനിടെ പലരും തള്ളി മാറ്റിയെന്നും പൊലീസുകാരുൾപ്പെടെ നോക്കി പരിഹസിക്കുകയായിരുന്നുവെന്നും ശർമ കൂട്ടിച്ചേർത്തു. സംഭവത്തിൽ ടിക്കറ്റ് തുകയായ 1173 രൂപ തിരികെ നൽകണമെന്നാണ് യാത്രക്കാരന്റെ ആവശ്യം.
ദീപാവലിക്ക് ദിവസങ്ങൾക്ക് മുമ്പ് തന്നെ വലിയ തിരക്കാണ് റെയിൽവേയിലുണ്ടായത്. അടുത്തിടെ ട്രെയിനിൽ യാത്രക്കാരുടെ തിരക്ക് മൂലം 40 വയസുകാരന് ജീവൻ നഷ്ടമായിരുന്നു. ബിഹാറിലേക്കുള്ള സ്പെഷ്യൽ ട്രെയിനിൽ കയറുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.