തരൂരിന്റെ പ്രകടനപത്രികയായി; പാർട്ടിയെ ചെറുപ്പമാക്കും, പി.സി.സി പ്രസിഡന്റുമാരുടെ കാലാവധി ചുരുക്കും

ചെന്നൈ: പി.സി.സി പ്രസിഡന്റുമാരുടെ കാലാവധി വെട്ടിച്ചുരുക്കാനും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനെ ശക്തിപ്പെടുത്താനും ചെറുപ്പമാക്കാനും ലക്ഷ്യമിട്ട് എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രകടനപത്രിക.

അഞ്ചു വർഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനപ്പുറം സാമൂഹിക സേവനരംഗത്തും കോൺഗ്രസിനെ സജീവമാക്കാൻ ശ്രമം നടത്തുമെന്നും ചെന്നൈയിൽ പാർട്ടി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി തരൂർ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യന്ത്രം മാത്രമല്ല പാർട്ടി. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10 ശ്രദ്ധേയ നിർദേശങ്ങളും തരൂരിന്റെ പ്രകടനപത്രികയിലുണ്ട്.

അധികാര വികേന്ദ്രീകരണം, പാർട്ടിയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തൽ, ദേശീയ ജനറൽ സെക്രട്ടറിമാർക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകാതെ ദേശീയ തലത്തിൽ അവരുടെ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തൽ തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. പി.സി.സി പ്രസിഡന്റുമാരുടെ കാലാവധി വെട്ടിച്ചുരുക്കുന്നതിനൊപ്പം തീരുമാനമെടുക്കുന്നതിൽ പൂർണ സ്വാതന്ത്ര്യമനുവദിക്കും.

പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും തനിക്ക് പിന്തുണ കൂടിവരുകയാണെന്നും തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുവാക്കൾക്ക് പാർട്ടിയിൽ പ്രാധാന്യം നൽകണം. കോൺഗ്രസിനെ യുവാക്കളുടെ പാർട്ടിയാക്കും.

മുതിർന്നവരും പരിചയസമ്പന്നരുമായ നേതാക്കൾക്ക് അർഹമായ ബഹുമാനം നൽകും. ഇന്ത്യയെ യുവത്വവത്കരിക്കാൻ രാജീവ് ഗാന്ധി 40 വർഷം മുമ്പ് നടത്തിയ ശ്രമങ്ങൾ തരൂർ ഓർമിപ്പിച്ചു.

തമിഴ്നാട്ടിൽ തണുത്ത പ്രതികരണം

ചെന്നൈ: എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എം.പിയുടെ ചെന്നൈ സന്ദർശന പരിപാടികളിൽനിന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് ശശി തരൂർ ചെന്നൈയിലെ പി.സി.സി ഓഫിസായ സത്യമൂർത്തി ഭവനിലെത്തിയത്.

വോട്ട് ചെയ്യാൻ അർഹതയുള്ള 12 പേർ മാത്രമാണ് ഇവിടെ എത്തിയത്. സംസ്ഥാനത്ത് 700 പേർക്കാണ് വോട്ടവകാശമുള്ളത്. തരൂരിനെ നാമനിർദേശംചെയ്ത മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരം ഉൾപ്പെടെ നേരത്തേ പിന്തുണ പ്രഖ്യാപിച്ച നേതാക്കളും എത്തിയിരുന്നില്ല.

പരിപാടിയിൽ പങ്കെടുക്കാനെത്തിയ മാധ്യമപ്രവർത്തകരെ സത്യമൂർത്തി ഭവനിൽനിന്ന് പുറത്താക്കാൻ ചില ഓഫിസ് ജീവനക്കാർ നടത്തിയ ശ്രമവും ബഹളത്തിനിടയാക്കി.

നേതാക്കൾ പങ്കെടുക്കാത്തത് മൂലം അവർക്കാണ് നഷ്ടമെന്ന് തരൂർ പറഞ്ഞു. അർഥപൂർണമായ ആശയവിനിമയത്തിനുള്ള അവസരമാണ് ഇല്ലാതായത്. തരൂരിന്‍റെ സന്ദർശനവേളയിൽ മുതിർന്ന നേതാക്കളാരും വരാതിരുന്നത് ആശ്ചര്യമുണർത്തുന്നതായി തരൂരിന്‍റെ അനുയായിയും സംസ്ഥാന കോൺഗ്രസ് സെക്രട്ടറിയുമായ അരുൾ ബെത്തയ്യ പറഞ്ഞു.

ഒക്ടോബർ 13ന് ഗാർഖെയുടെ സന്ദർശന സമയത്തും കോൺഗ്രസ് നേതാക്കൾ ഇതേ നിലപാട് സ്വീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തുനിന്ന് തരൂരിന് 200 വോട്ടുകൾ ലഭിക്കുമെന്നും അരുൾ അവകാശപ്പെട്ടു.  

Tags:    
News Summary - Tharoor's manifesto will rejuvenate the party-tenure of PCC presidents will be shortened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.