ന്യൂഡൽഹി: ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ ഓരോ പൗരനും ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് എം.പി ശശി തരൂരിന്‍റെ തുറന്ന കത്ത്. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പ്രമുഖ വ്യക്തികൾക്കെതിരേ കേസെടുത്ത സംഭവത്തിൽ താൻ അങ്ങേയറ്റം അസ്വസ്ഥനാണ്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ഏതൊരു പൗരനും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അവകാശമുണ്ടെന്നും തരൂർ പറയുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ താങ്കൾ പിന്തുണക്കുമെന്നാണ് കരുതുന്നത്. മൻ കീ ബാത്ത് 'മൗൻ കീ ബാത്ത്' ആവരുത്. വ്യത്യസ്ത ചിന്തകളുടെയും ആദർശങ്ങളുടെയും സഹവർത്തിത്വത്തമാണ് ഇന്ത്യയെന്ന സങ്കൽപത്തിന്‍റെ ആധാരശില. ഇതാണ് ഇന്ത്യയെ ഉജ്ജ്വലമായ ജനാധിപത്യ വ്യവസ്ഥിതിയിൽ നിലനിർത്തുന്നത്. താങ്കളുടെ ആശയങ്ങളെ വിമർശിക്കുകയോ എതിർക്കുകയോ ചെയ്യുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്ര കുത്തരുത്.
2016ൽ യു.എസ് കോൺഗ്രസിൽ മോദി നടത്തിയ പ്രസംഗം തരൂർ കത്തിൽ ഓർമിപ്പിച്ചു. വിശുദ്ധ ഗ്രന്ഥമെന്ന് ഭരണഘടനയെ മോദി അന്ന് വിശേഷിപ്പിച്ചിരുന്നു. വിശ്വാസ സ്വാതന്ത്രവും അഭിപ്രായ സ്വാതന്ത്രവും തുല്യതയുമാണ് മൗലികാവകാശങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് അന്ന് മോദി പറഞ്ഞത് തരൂർ ഓർമിപ്പിച്ചു.
വിയോജിപ്പുകൾക്ക് സ്ഥാനമില്ലാതെ ജനാധിപത്യത്തിന് നിലനിൽപ്പില്ലെന്നാണ് 50 പ്രമുഖ വ്യക്തികൾ ഒപ്പിട്ട കത്തിൽ പറയുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച 50 പ്രമുഖർക്കെതിരെയാണ് ബിഹാർ പൊലീസ് കേസെടുത്തത്. അടൂർ ഗോപാലകൃഷ്ണൻ, മണിരത്നം, അനുരാഗ് കശ്യപ്, രാമചന്ദ്ര ഗുഹ, അപർണ സെൻ തുടങ്ങിയവർക്കെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.