ന്യൂഡൽഹി: കർഷകരുടെ അവശേഷിക്കുന്ന ആവശ്യങ്ങളിൽ മിക്കതും അംഗീകരിക്കാമെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം അറിയിച്ചതോടെ ഡൽഹി അതിർത്തിയിൽ ഒരു വർഷത്തിലേറെയായി തുടരുന്ന കർഷക സമരം അന്ത്യത്തിലേക്ക്. സർക്കാർ രേഖാമൂലം മുന്നോട്ടുവെച്ച നിർദേശങ്ങൾ ചൊവ്വാഴ്ച സിംഘുവിൽ വിശദമായി ചർച്ചചെയ്ത സംയുക്ത കിസാൻ മോർച്ച ഭാവി കാര്യങ്ങൾക്ക് അന്തിമ രൂപം നൽകാൻ ബുധനാഴ്ച ഉച്ച രണ്ടിന് വീണ്ടും ചേരും. അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ എടുക്കും.
മിനിമം താങ്ങുവിലക്ക് നിയമപരമായ ഗാരൻറി നൽകുക, വൈദ്യുതി നിയമത്തിെൻറ കരട് പിൻവലിക്കുക, വായുമലിനീകരണത്തിെൻറ പേരിൽ കർഷകർക്ക് പിഴ ചുമത്തുന്നത് പിൻവലിക്കുക, 2020 ജൂൺ മുതൽ ഇതുവരെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക, ലഖിംപുർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക, സമരത്തിൽ രക്തസാക്ഷികളായ 700ലേറെ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക, അവർക്ക് രക്തസാക്ഷി സ്മാരകത്തിന് സിംഘു അതിർത്തിൽ സ്ഥലം അനുവദിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
ചർച്ചക്ക് തയാറാകണമെന്ന് പറഞ്ഞ കർഷകരോട് അങ്ങനെ ചെയ്യാമെന്ന് ആദ്യം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉറപ്പുനൽകി. തുടർന്ന് കർഷക യൂനിയനുകൾ സർക്കാറുമായി ചർച്ചക്ക് അഞ്ചംഗ പ്രതിനിധികളെ നിയോഗിച്ചു. സർക്കാർ നിലപാട് രേഖാമൂലം തങ്ങൾക്ക് ലഭിച്ചതായി സംയുക്ത കിസാൻ മോർച്ച നേതാക്കൾ വ്യക്തമാക്കി.
മിനിമം താങ്ങുവിലക്ക് നിയമസാധുത നൽകുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സർക്കാർ അറിയിച്ച പ്രധാന നയംമാറ്റം. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരും കാർഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സർക്കാർ വ്യക്തമാക്കി. കർഷകർക്കെതിരായ എല്ലാ പൊലീസ് കേസുകളും പിൻവലിക്കുമെന്നതാണ് രണ്ടാമതായി സർക്കാർ അംഗീകരിച്ചത്.എന്നാൽ, സമരം അവസാനിപ്പിച്ച് അതിർത്തി വിട്ടുപോയാൽ മാത്രമേ കേസുകൾ പിൻവലിക്കൂ എന്ന കേന്ദ്രത്തിെൻറ ഉപാധി കർഷകർ അംഗീകരിച്ചിട്ടില്ല. വൈദ്യുതി നിയമ ഭേദഗതി ചർച്ചയില്ലാതെ നടപ്പാക്കില്ല എന്നാണ് മറ്റൊരു ഉറപ്പ്.
കർഷകസമരത്തിൽ മരിച്ചവർക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകിയ പഞ്ചാബ് സർക്കാറിെൻറ മാതൃകയിൽ ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകൾ നഷ്ടപരിഹാരം നൽകണമെന്നത് തത്ത്വത്തിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നാണ് കർഷക നേതാക്കൾ പറയുന്നത്. അതേസമയം, മന്ത്രിക്കെതിരായ നടപടിയിൽ കേന്ദ്രം മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.