ന്യൂഡൽഹി: സിദ്ദീഖ് കാപ്പനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍. സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''രണ്ടു വർഷത്തോളമായി സിദ്ദീഖ് ജയിൽവാസത്തിലായിരുന്നു. കോടതി ഏറ്റവും വലിയ പരിഗണന നൽകിയത് രണ്ടുവർഷത്തെ കസ്റ്റഡി എന്നതായിരുന്നു. യു.എ.പി.എ ആക്ട് പ്രകാരം കേസെടുക്കപ്പെട്ട പ്രതിക്ക് ജാമ്യം ലഭിക്കണമെങ്കിൽ പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്ന് കോടതിക്ക് ബോധ്യം വരണം. അതുകൊണ്ടാണ് യു.എ.പി.എയിൽ വരുന്ന പ്രതികൾ ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്നത്. യു.എ.പി.എയിലെ രണ്ട് വകുപ്പുകളാണ് സിദ്ദീഖിനെതിരെ ചുമത്തിയിരുന്നത്. 45,000 രൂപ സിദ്ദീഖ് കാപ്പന്റെ അക്കൗണ്ടിലേക്ക് പോപുലര്‍ ഫ്രണ്ട് ഇട്ടുവെന്നാണ് അവർ പറയുന്നത്. ഈ പണം ഉപയോഗിച്ചാണ് ഹാഥറസിലേക്ക് പോകാനും ലഹള ഉണ്ടാക്കാനും സിദ്ദീഖ് കാപ്പനും കൂട്ടാളികളും ശ്രമിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. ഗൂഢാലോചനയാണ് മറ്റൊരു കുറ്റം. അതിനും പ്രോസിക്യൂഷന് പ്രത്യേകിച്ച് വാദമൊന്നുമില്ല. ആകെ പറയുന്നത് പി.എഫ്.ഐ എന്നത് ഒരു ഭീകര സംഘടനയാണ്. ആ സംഘടനയുമായി ബന്ധപ്പെട്ട് നിരവധി ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. അങ്ങനെ ഗൂഢാലോചന നടത്തിയവരുമായി സിദ്ദീഖ് കാപ്പൻ വാട്സ് ആപിൽ ബന്ധം പുലർത്തിയിട്ടുണ്ട്, ചാറ്റുകളുണ്ട്. അതുകൊണ്ട് സിദ്ദീഖ് കാപ്പന് ഇതിൽ ബന്ധമുണ്ട് എന്നതായിരുന്നു രണ്ടാമത്തെ വാദം'' –ഹാരിസ് ബീരാൻ പറഞ്ഞു.
''ഗൂഢാലോചനയിൽ എങ്ങനെയാണ് സിദ്ദീഖ് കാപ്പന് പങ്കുണ്ടെന്ന് നിങ്ങൾ പറയുന്നത് എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം പോകുന്ന വണ്ടിയിൽനിന്ന് ലഘുലേഖകൾ പിടിച്ചെടുത്തു എന്നതായിരുന്നു പ്രോസിക്യൂഷൻ മറുപടി. ആ ലഘുലേഖ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, ഹാഥ്റസിൽ പോയി അവിടെയൊരു ലഹളയുണ്ടാക്കാനുള്ള എല്ലാ സംഗതികളും അതിലുണ്ടെന്നായിരുന്നു വാദം. ആ ലഘുലേഖ പ്രേസിക്യൂഷൻ കാണിച്ചു കൊടുത്തപ്പോഴാണ് അതിൽ ഇത്രയേ ഉള്ളൂ എന്ന് ബോധ്യപ്പെട്ടത്. 'ജസ്റ്റിസ് ഫോർ ഹാഥറസ് വിക്ടിം' എന്ന ലഘുലേഖയിൽ ഇന്ന സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കണം, അതിന് ഏർപ്പാട് ചെയ്തിട്ടുണ്ട് എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. ഇതാണോ പ്രകോപനപരമെന്ന് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചപ്പോൾ വ്യക്തമായ മറുപടി പ്രോസിക്യൂഷന് ഉണ്ടായിരുന്നില്ല. മാത്രമല്ല, ആ ലഘുലേഖയിലെ ബാക്കി പേജുകൾ നോക്കിയപ്പോൾ അമേരിക്കയിലെ 'ബ്ലാക്ക് ലൈവ്സ് മാറ്റർ' എന്ന പ്രക്ഷോഭത്തിന്റെ സംഗതികൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇത് പ്രോസിക്യൂഷൻ ചെയ്തതാണെന്നാണ് ഞങ്ങൾ വാദിച്ചത്. ഇതൊക്കെയാണ് സിദ്ദീഖ് കാപ്പൻ വിതരണം ചെയ്യാൻ പോയി എന്ന് പ്രോസിക്യൂഷൻ പറയുന്ന ലഘുലേഖ. അത് കണ്ടപ്പോൾ തന്നെ ഈ ലഘുലേഖ അതിൽ ഉണ്ടായിരുന്നോ എന്നും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പിന്നീട് എഴുതിച്ചേർത്തതാണോ എന്നുമുള്ള സംശയം കോടതിക്കുണ്ടായി. പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിൽ തന്നെ അത് ഭരണഘടന നൽകുന്ന അവകാശമാണ്. അത് എങ്ങനെയാണ് ലഹളയുണ്ടാക്കുന്നതാണെന്ന് പറയുക എന്ന് ചോദിച്ചപ്പോഴും കൃത്യമായ മറുപടി ഉണ്ടായില്ല. അപ്പോൾ തന്നെ കേസിന്റെ അടിത്തറ തന്നെ ദുർബലമാണെന്നും വിശ്വാസയോഗ്യമായ തെളുവുകളില്ലെന്നും കോടതിക്ക് ബോധ്യപ്പെട്ടു. സിദ്ദീഖ് കാപ്പന് പി.എഫ്.ഐയുമായി ഒരു ബന്ധവുമില്ല. ആകെയുള്ള ബന്ധം അവരുടെ പത്രമായ തേജസിന്റെ ഡൽഹിയിലെ റിപ്പോർട്ടറായിരുന്നു എന്നതാണ്. അത് പ്രഫഷനൽ രീതിയിലുള്ള ബന്ധമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.