രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിൽ ഇന്ന് തീരുമാനം

ന്യൂഡൽഹി: പാർലമെൻറിന്‍റെ ശീതകാല സമ്മേളനം ബുധനാഴ്ച തുടങ്ങാനിരിക്കേ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളെ ശനിയാഴ്ച ചർച്ചക്ക് വിളിച്ചു.

കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയാണ് കഴിഞ്ഞ സമ്മേളനം വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചത്. എന്നാൽ, പാർട്ടി പ്രസിഡന്‍റുസ്ഥാനത്തേക്ക് നാമനിർദേശ പത്രിക നൽകുന്നതിനുമുമ്പ് അദ്ദേഹം രാജ്യസഭ പ്രതിപക്ഷ നേതൃപദവി ഒഴിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ഒരാൾക്ക് ഒരു പദവിയെന്ന തത്വം മുൻനിർത്തിയായിരുന്നു ഇത്.

ശീതകാല സമ്മേളനം തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കേ, ഖാർഗെക്കു പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. പി. ചിദംബരം, ദിഗ്വിജയ് സിങ് എന്നിവരിലൊരാൾക്ക് പ്രതിപക്ഷ നേതൃപദവി നൽകുമെന്നായിരുന്നു നേരത്തെയുള്ള സൂചനകൾ. ഏതാനും ആഴ്ചകൾമാത്രമുള്ള ശീതകാല സമ്മേളനത്തിൽ ഖാർഗെ തന്നെ തുടരട്ടെ എന്ന ആലോചനയും നടക്കുന്നുണ്ടെങ്കിലും, അത് പാർട്ടി നയത്തിന് വിരുദ്ധമാണ്.

രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനവും കോൺഗ്രസ് അധ്യക്ഷസ്ഥാനവും ഒരേസമയം വഹിക്കാൻ അശോക് ഗെഹ്ലോട്ട് മുമ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, രണ്ടും കൂടി പറ്റില്ലെന്ന് നെഹ്റുകുടുംബം നിലപാട് എടുക്കുകയും ചെയ്തു.

ഇതേ സാഹചര്യം ഖാർഗെക്കും ബാധകമാണ്. ലോക്സഭയിലെ കോൺഗ്രസ് നേതൃസ്ഥാനം വഹിക്കുന്ന അധിർരഞ്ജൻ ചൗധരിതന്നെയാണ് പശ്ചിമ ബംഗാളിൽ കോൺഗ്രസ് അധ്യക്ഷൻ. കോൺഗ്രസ് മാധ്യമ വിഭാഗം ചുമതലക്കാരനായ ജയ്റാം രമേശ് രാജ്യസഭയിൽ കോൺഗ്രസിന്‍റെ ചീഫ് വിപ്പാണ്. ഈ ഇരട്ട പദവികളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.

ശീതകാല പാർലമെന്‍റ് സമ്മേളനത്തിൽ സർക്കാറിനെതിരെ കോൺഗ്രസ് സ്വീകരിക്കേണ്ട നയസമീപനങ്ങൾക്കും പാർലമെന്‍റ് തന്ത്രങ്ങൾക്കും ശനിയാഴ്ച ചേരുന്ന നേതൃയോഗം രൂപം നൽകും.

Tags:    
News Summary - The decision will be taken today regarding the Leader of the Opposition in the Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.