ന്യൂഡൽഹി: മുസ്‌ലിം വ്യക്തി നിയമപ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ഡൽഹി ഹൈകോടതി. ഇത്തരം വിവാഹത്തിന് രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ല. വിവാഹ ശേഷം ഭർത്താവുമായി ഒരുമിച്ച് താമസിക്കുന്നതിന് പെൺകുട്ടിക്ക് തടസ്സമില്ല. ഇത്തരം കേസിൽ ഭർത്താവിനെതിരെ പോക്സോ കേസ് എടുക്കാനാവില്ലെന്നും ഹൈകോടതി വ്യക്തമാക്കി. വിവാഹബന്ധം വേർപ്പെടുത്തുന്നതിൽ നിന്ന് സംരക്ഷണം തേടി ദമ്പതികൾ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ജസ്മീത് സിങ് നിർണായക വിധി പുറപ്പെടുവിച്ചത്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ എതിർപ്പിന് വിരുദ്ധമായി മാർച്ച് 11ന് മുസ്‌ലിം ദമ്പതികൾ വിവാഹിതരായ സംഭവത്തിലാണ് വിധി. പുരുഷന് 25 വയസ്സ് ഉള്ളപ്പോൾ, പെൺകുട്ടിക്ക് അവരുടെ കുടുംബവും പൊലീസും പറയുന്നത് പ്രകാരം മാർച്ചിൽ 15 വയസ്സ് പൂർത്തിയായി എന്നാണ്. എന്നാൽ, പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയ ആധാർ കാർഡ് പ്രകാരം പെൺകുട്ടിക്ക് 19 വയസ്സിന് മുകളിലാണ് പ്രായം. മുസ്‌ലിം വ്യക്തി നിയമപ്രകാരം പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും 18 വയസ്സിൽ താഴെയുള്ളപ്പോൾ പോലും ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും ഉത്തരവിൽ പറയുന്നു.
പഞ്ചാബ്, ഹരിയാന ഹൈകോടതി പുറപ്പെടുവിച്ച മുൻ ഉത്തരവിൽ പരാമർശിച്ചിട്ടുള്ള സർ ദിൻഷ ഫർദുൻജി മുല്ലയുടെ 'പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ' എന്ന പുസ്തകത്തെക്കുറിച്ചും വിധി ന്യായത്തിൽ വിശദീകരിച്ചിട്ടുണ്ട്. പെൺകുട്ടി വിവാഹത്തിന് മനഃപൂർവം സമ്മതം മൂളുകയും അതിൽ സന്തോഷവതിയാവുകയും ചെയ്താൽ, പെൺകുട്ടിയുടെ സ്വകാര്യതയിൽ കടന്നുകയറി ദമ്പതികളെ വേർപെടുത്താൻ ഭരണകൂടം ആരുമല്ല. ഇത് ചെയ്യുന്നത് ഭരണകൂടം സ്വകാര്യ ഇടം കൈയേറുന്നതിന് തുല്യമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ മാർച്ച് അഞ്ചിനാണ് ദ്വാരക ജില്ല പൊലീസ് കേസെടുത്തത്. ബലാത്സംഗം, പോക്‌സോ നിയമത്തിലെ സെക്ഷൻ 6 (തീവ്രമായ ലൈംഗികാതിക്രമം) എന്നീ വകുപ്പിൽ പ്രകാരമാണ് കേസെടുത്തത്. ഇതേതുടർന്നാണ് തങ്ങളെ ആരും വേർപ്പെടുത്തുന്നതിൽ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഏപ്രിലിൽ ദമ്പതികൾ കോടതിയെ സമീപിച്ചത്.
വീട്ടിൽവെച്ച് മാതാപിതാക്കൾ തന്നെ നിരന്തരം മർദിക്കാറുണ്ടെന്നും ബലം പ്രയോഗിച്ച് മറ്റൊരാളുമായി വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. ഏപ്രിൽ 27ന് പൊലീസ് പെൺകുട്ടിയെ രക്ഷിതാക്കളുടെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച് ശിശുക്ഷേമ സമിതിക്ക് (സി.ഡബ്ല്യു.സി) മുമ്പാകെ ഹാജരാക്കി. സി.ഡബ്ല്യു.സിയുടെ നിർദേശപ്രകാരം ഹരി നഗറിലെ നിർമ്മൽ ഛായ കോംപ്ലക്സിലാണ് പെൺകുട്ടിയെ പാർപ്പിച്ചിരുന്നത്. അതേസമയം, പെൺകുട്ടി ഗർഭിണിയാണെന്നും സ്വന്തം ഇച്ഛക്കും സമ്മതത്തിനും അടിസ്ഥാനത്തിലാണ് യുവാവിനൊപ്പം പോയതെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
18 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമമാണ് പോക്‌സോയെന്നും മുസ്‌ലിം നിയമത്തിന് ഇത് ബാധകമാണെന്നും എന്നാൽ, മുൻ വിധിയിൽ നിന്ന് വ്യത്യസ്തമാണ് പ്രസ്തുത കേസിലെ വസ്തുതകളെന്നും ജഡ്ജി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇരയും പ്രതിയും തമ്മിൽ വിവാഹം നടക്കാതിരിക്കുകയും വിവാഹത്തിന് മുമ്പ് ലൈംഗികബന്ധം നടക്കുകയും ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ പ്രതി വിസമ്മതിക്കുകയും ചെയ്യുന്ന സാഹചര്യം കുറ്റക്കരമാണെന്നും മറ്റൊരു കേസ് ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.
അതേസമയം, പ്രസ്തുത കേസിൽ ഇത് ചൂഷണമല്ലെന്നും ഹരജിക്കാർ പ്രണയിച്ച് മുസ്‌ലിം നിയമപ്രകാരം വിവാഹിതരാകുകയും പിന്നീട് ശാരീരിക ബന്ധത്തിലേർപ്പെടുകയും ചെയ്ത കേസാണിതെന്നും കോടതി പറഞ്ഞു. കൂടാതെ, ദമ്പതികൾ ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ചു ജീവിച്ചെന്നും വിവാഹത്തിന് മുമ്പ് അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും യാതൊരു ആരോപണവുമില്ലെന്നും കോടതി വ്യക്തമാക്കി.
നിയമാനുസൃതമായി വിവാഹിതരായ ഹരജിക്കാർക്ക് പരസ്‌പരം കൂട്ടുകെട്ട് നിഷേധിക്കാനാവില്ലെന്നും അത് വിവാഹത്തിന്റെ സാരാംശമാണെന്നും അവർ വേർപിരിഞ്ഞാൽ അത് പെൺകുട്ടിക്കും ഗർഭസ്ഥശിശുവിനും കൂടുതൽ ആഘാതമുണ്ടാക്കുമെന്നും കോടതി പറഞ്ഞു. കൂടാതെ, ഹരജിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലെ സാഹചര്യം അവളോടും അവളുടെ ഭർത്താവിനോടും ശത്രുതയുള്ളതാണെന്ന് ഓർമ്മിക്കേണ്ടതാണെന്നും വിധി ന്യായത്തിൽ ഹൈകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.