കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന ഹരജി പബ്ലിസിറ്റിക്കു വേണ്ടിയെന്ന് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാനാവില്ലെന്നും പദവിയിൽനിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന് ഡൽഹി ഹൈകോടതി. ഹരജിക്കാരന് ഭാരിച്ച പിഴ ചുമത്തേണ്ടിയിരിക്കുന്നുവെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് അഭിപ്രായപ്പെട്ടു.

ആം ആദ്മി പാർട്ടി മുൻ എം.എൽ.എ സന്ദീപ് കുമാർ സമർപ്പിച്ച ഹരജി, സമാനമായ ഹരജികൾ നേരത്തെ പരിഗണിച്ചിരുന്ന ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ ബഞ്ചിലേക്ക് മാറ്റുന്നതിനിടെയാണ് ഈ നിരീക്ഷണം. തുടർന്ന് കേസ് ഏപ്രിൽ 10ന് വാദം കേൾക്കാനായി മാറ്റി.

മാർച്ച് 21ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കെജ്രിവാൾ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കെജ്രിവാളിന്റെ അസാന്നിധ്യം ഭരണഘടന സംവിധാനത്തെ സങ്കീർണമാക്കുന്നുവെന്നും ഭരണഘടന പ്രകാരം ജയിലിൽനിന്ന് അദ്ദേഹത്തിന് മുഖ്യമന്ത്രിയായി പ്രവർത്തിക്കാനാകില്ലെന്നുമാണ് ഹരജിക്കാരന്റെ വാദം.

നേരത്തെ, കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് പൊതുതാൽപര്യ ഹരജികൾ ഹൈകോടതി തള്ളിയിരുന്നു.

Tags:    
News Summary - The Delhi High Court said that the petition to remove Kejriwal from the post of Chief Minister is for publicity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.