കൊൽക്കത്ത: ആർ.ജി കർ ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന്റെ പോളിഗ്രാഫ് പരിശോധന റിപ്പോർട്ട് പുറത്ത്‍വിട്ട് സി.ബി.ഐ. ഗുരുതരമായ നിരവധി ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥരെ ബോധപൂർവം കബളിപ്പിക്കാൻ സന്ദീപ് ഘോഷ് ശ്രമിച്ചതായി സി.ബി.ഐയുടെ റിപ്പോർട്ടിൽ പറയുന്നു.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സന്ദീപ് ഘോഷ് ഉദ്ദേശിച്ചിരുന്നില്ലെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ബലാത്സംഗ-കൊലപാതക കേസിൽ എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതിലെ കാലതാമസത്തിനും തെളിവുകൾ നഷ്‌ടമായതിനും ഘോഷിനെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ടലിനെയും സി.ബി.ഐ അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് വെളിപ്പെടുത്തൽ. അന്വേഷണത്തിനിടെ ഘോഷിനെ ലേയേർഡ് വോയ്‌സ് അനലിസ്റ്റിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയനാക്കിയതായും സി.ബി.ഐയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
അഭിഭാഷകനുമായി കൂടിയാലോചിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സന്ദീപ് ഘോഷ് ഉദ്ദേശിച്ചിരുന്നില്ലെന്നും അതിൽ പറയുന്നു. ഒടുവിൽ ആർ.ജി കർ ആശുപത്രി വൈസ് പ്രിൻസിപ്പൽ പരാതി നൽകിയെങ്കിലും അതും ആത്മഹത്യയായി ചിത്രീകരിച്ചു.
ട്രെയിനി ഡോക്ടറുടെ മൃതദേഹം സെമിനാർ ഹാളിനുള്ളിൽ കണ്ടെത്തിയ ഓഗസ്റ്റ് ഒമ്പതിന് രാവിലെ 10.03 മുതൽ പ്രിൻസിപ്പൽ അഭിജിത്ത് മൊണ്ടലുമായി ബന്ധപ്പെട്ടിരുന്നതായി സി.ബി.ഐ റിപ്പോർട്ടിലുണ്ട്.
രാവിലെ 9.58 ന് കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള വിവരം അദ്ദേഹത്തെ അറിയിച്ചെങ്കിലും സന്ദീപ് ഘോഷ് ആശുപത്രിയിൽ പോയില്ല. കൊൽക്കത്ത ബലാത്സംഗ-കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ മാസം സി.ബി.ഐക്ക് മൂന്നാഴ്ചത്തെ സമയപരിധി നൽകിയിരുന്നു.
ആശുപത്രിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഘോഷിനെ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയും പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.