കൊച്ചി: കോവിഡുകാലത്ത് തൊഴിലില്ലാതെ വീട്ടിലിരിക്കേണ്ടിവന്നവർക്ക് സഹായം നൽകണമെന്ന ആവശ്യത്തോട് നിഷേധാത്മക നിലപാടുമായി ലക്ഷദ്വീപ് ഭരണകൂടം. ബുദ്ധിമുട്ടിലായ ജനത്തിന് ഇനിയും ഒരുസഹായവും പ്രഖ്യാപിച്ചിട്ടില്ല. ആഴ്ചകൾക്കുമുമ്പ് ദ്വീപുകൾ സന്ദർശിച്ച കലക്ടറോട് സാമൂഹികപ്രവർത്തകർ ക്വാറൻറീനിെല ആളുകളുടെ ഉൾപ്പെടെ ദുരിതം പങ്കുവെച്ചിരുന്നു.
പ്രത്യേക പരിഗണനവേണ്ട കുടുംബങ്ങളുടെ വിവരം ശ്രദ്ധയിൽപെടുത്തിയ അഗത്തി ദ്വീപുവാസികളോട്, അവർക്ക് ബുദ്ധിമുട്ടുകളില്ലെന്നും സഹായത്തിെൻറ ആവശ്യമില്ലെന്നുമായിരുന്നു കലക്ടറുടെ മറുപടിയെന്ന് സാമൂഹികപ്രവർത്തകരുടെ കൂട്ടായ്മയായ ഐലൻഡ് സെൻസ് പി.ആർ.ഒ ഹുസുനുൽ ജംഹർ പറഞ്ഞു. തുടർന്ന് കലക്ടറെ നേരിട്ട് കുടുംബങ്ങളുടെ മുന്നിലെത്തിച്ച് വിശദീകരിച്ചു. ഇതോടെ സഹായം നൽകാൻ അഡ്മിനിസ്ട്രേഷന് ഫണ്ടില്ലെന്നായി കലക്ടർ. സമൂഹ അടുക്കള സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സഹായം ആവശ്യമില്ലെന്ന അതേ നിലപാടിലാണ് ഭരണകൂടമെന്ന് പൊതുപ്രവർത്തകർ പറയുന്നു.
മുൻ അഡ്മിനിസ്ട്രേറ്ററുടെ കാലത്ത് 21ദിവസത്തെ ലോക്ഡൗണിൽ സാധാരണക്കാർക്ക് പ്രഖ്യാപിച്ച 6300 രൂപ ഭൂരിഭാഗം പേർക്കും കിട്ടിയിട്ടില്ല. കെട്ടിടനിർമാണ തൊഴിലാളികൾ, മരപ്പണിക്കാർ, തെങ്ങുകയറ്റക്കാർ, ഓലമെടയുന്നവർ, കടകളിലും ഹോട്ടലുകളിലും തൊഴിലെടുക്കുന്നവർ, മദ്റസ അധ്യാപകർ, തയ്യൽ തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങിയ വിഭാഗങ്ങളിലെ നൂറുകണക്കിന് ആളുകളാണ് ഒഴിവാക്കപ്പെട്ടത്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് സഹായധന വിതരണത്തെക്കുറിച്ച് പലരും അറിഞ്ഞത്. അന്വേഷിച്ചപ്പോൾ ഗുണഭോക്താക്കളുടെ പട്ടിക അയച്ചിട്ടുണ്ടെന്നും തുക വരുമെന്നുമുള്ള മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. എന്നാൽ, ചില ദ്വീപുകളിൽ കുറച്ച് ആളുകൾക്കുമാത്രം പണം കിട്ടിയെന്നറിഞ്ഞ് വീണ്ടും അന്വേഷിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ കബളിപ്പിക്കുകയാണെന്ന് മനസ്സിലായതെന്ന് പൊതുപ്രവർത്തകനായ ശറഫുദ്ദീൻ ഇർഫാനി 'മാധ്യമ'ത്തോട് പറഞ്ഞു.
നൂറുകണക്കിന് ആളുകളെ തള്ളി ഏതാനും പേരുടെ ലിസ്റ്റ് മാത്രമായിരുന്നു അവർ പരിഗണിച്ചത്. തുടർന്ന് പലതവണ ഓഫിസുകൾ കയറിയിറങ്ങിയതോടെ 596 പേരുടെ ലിസ്റ്റ് ശേഖരിച്ച് അഡ്മിനിസ്ട്രേഷന് അയച്ചെന്നു വരുത്തി. എന്നാൽ, കാലാവധി കഴിഞ്ഞെന്നു പറഞ്ഞ് ഈ അപേക്ഷ തള്ളി. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ മുൻ അഡ്മിനിസ്ട്രേറ്റർ അനുവദിച്ച തുകയെങ്കിലും ലഭ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.