ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ല; തമിഴ്നാട് ഗവർണറും മുഖ്യമന്ത്രിയും പ്രശ്നം ചർച്ച ചെയ്യണം -സുപ്രീംകോടതി

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകാരം നൽകാതെ ഏറെകാലം പിടിച്ചുവെച്ച് ഇല്ലാതാക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ഗവർണർ ആർ.എൻ. രവിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ പരാമർശം. ഉന്നത പദവിയിൽ ഇരിക്കുന്നവർക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

രാഷ്ട്രപതി എന്നാൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പദവിയാണ്. ഗവർണർ എന്നത് കേന്ദ്രസർക്കാർ നാമനിർദേശം ചെയ്യുന്ന സ്ഥാനമാണ്. അതിനാൽ, രാഷ്ട്രപതിക്കുള്ള അധികാരങ്ങളല്ല ഗവർണർക്കുള്ളത്.

വലിയ ഭരണഘടന പദവിയിലാണ് ഗവർണർ ഇരിക്കുന്നത്. അതിനാൽ, തൽകാലം ഉത്തരവ് ഇറക്കുന്നില്ല. പ്രശ്ന പരിഹാരത്തിനുള്ള നീക്കം നടത്തുകയും മുഖ്യമന്ത്രിയും ഗവർണറും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയും വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കണമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.

സർക്കാറിന്‍റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആർ.എൻ. രവി രാഷ്ട്രപതിക്ക് അയച്ചിരുന്നു. നവംബർ 18ന് നിയമസഭ വീണ്ടും ചേർന്ന് പാസാക്കിയ ബില്ലുകളാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കൈമാറിയത്.

നവംബർ 20ന് തമിഴ്നാട് സർക്കാറിന്‍റെ ഹരജി പരിഗണിച്ച സുപ്രീംകോടതി നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകാൻ വൈകിപ്പിക്കുന്ന ഗവർണർ ആർ.എൻ. രവിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. 2020 മുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നുവെന്നും മൂന്നു വർഷമായി എന്ത് ചെയ്യുകയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചത്.

Tags:    
News Summary - The Governor has no power to withhold bills; Chief Minister and Governor should discuss the issue -Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.