രാമനവമി ഘോഷയാത്രകൾക്കിടയിൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയെന്നോണം അടുത്ത ദിവസം നടന്ന ഹനുമാൻ ജയന്തി ഘോഷയാത്രയിലും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഡൽഹിയിലെ ജഹാംഗീർപുരിയിലാണ് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലുകൾ ഉണ്ടായത്. പ്രദേശത്ത് സംഭവം നടക്കുമ്പോൾ ദൃക്സാക്ഷികളായിരുന്നവരുടെ അനുഭവം സംബന്ധിച്ച് 'ഇന്ത്യ ടുഡേ' നൽകിയ റിപ്പോർട്ട് ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെക്കുന്നത്.
ഡൽഹിയിലെ ജഹാംഗീർപുരിയുടെ പള്ളിക്ക് സമീപം റിപ്പോർട്ടർമാർ എത്തിയപ്പോൾ അവിടെ കാവി പതാകകൾ ചിതറിക്കിടക്കുന്നത് കാണാൻ കഴിഞ്ഞുവെന്ന് 'ഇന്ത്യ ടുഡേ'റിപ്പോർട്ട് ചെയ്യുന്നു. ഒളികാമറയിലൂടെ ചാനൽ ദൃശ്യങ്ങൾ പകർത്തിയത്. ശനിയാഴ്ചത്തെ ഹനുമാൻ ജയന്തി ഘോഷയാത്രയിൽ പങ്കെടുത്ത ഒരാൾ ചാനലിനോട് സംസാരിക്കാൻ സന്നദ്ധനായി. മാർച്ച് പള്ളിക്ക് സമീപം എത്തിയപ്പോൾ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതായി അയാൾ സമ്മതിച്ചു. കരൺ എന്ന യുവാവാണ് പ്രതികരിക്കാൻ തയ്യാറായത്.
"ഞങ്ങൾ പള്ളിക്ക് പുറത്ത് റാലി നിർത്തി. അവിടെ ജയ് ശ്രീറാം എന്ന് വിളിച്ചു. പറയുന്നതിൽ എതിർപ്പൊന്നും ഉണ്ടാകരുത്. അങ്ങനെ ജയ് ശ്രീറാം എന്ന് വിളിക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ല. പള്ളിക്ക് പുറത്ത് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല. പിന്നെ എന്തിനാണ് കല്ലെറിയുന്നത്' -കരൺ പറഞ്ഞു.
കല്ലേറുണ്ടായെന്നാരോപിച്ച് ശോഭാ യാത്രാ മാർച്ചുകാർ തൽക്ഷണം പ്രതികരിക്കുകയായിരുന്നു എന്നും കരൺ പറയുന്നു.
'നിങ്ങളുടെ ഭാഗത്തുനിന്നും കല്ലേറ് നടന്നിട്ടുണ്ടോ?' എന്ന ലേഖകന്റെ ചോദ്യത്തിന് -"നമുക്ക് എന്തുകൊണ്ട് പാടില്ല? ഞങ്ങൾ ഗാന്ധി അനുയായികളല്ല. ഒരു കവിളത്തടിക്കുമ്പോൾ മറ്റേ കവിൾ കാണിച്ചു കൊടുക്കാൻ'' എന്നായിരുന്നു കരന്റെ മറുപടി. "ഇരുവശത്തുനിന്നും വൻ കല്ലേറുണ്ടായി. കല്ലേറുണ്ടായതോടെ ആളുകൾ ഓടിക്കൂടി. പെട്രോൾ ഒഴിച്ച് തീയിട്ടു. എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് " -കരൺ പറഞ്ഞു.
"ശോഭാ യാത്രയുടെ റൂട്ട് ഇതായിരുന്നു. ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി നിമിഷങ്ങളോളം അത് പള്ളിയുടെ നേർക്ക് തിരിഞ്ഞു നിന്നു. അപ്പോൾ മുകളിൽ നിന്ന് ചിലർ കല്ലുകൾ താഴേക്ക് എറിഞ്ഞു. ഞങ്ങൾ പോകുന്നതിന് മുമ്പ് അവർ ഞങ്ങൾക്ക് വെള്ളവും നൽകി" -കരൺ ഒളികാമറയിൽ തുടർന്നു.
ജഹാംഗീർപുരി നിവാസിയായ രാജയും കലാപം പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് തന്റെ വിവരണം ഒളികാമറയിൽ നൽകി."ഞങ്ങൾ എല്ലാവരും ഘോഷയാത്രയുടെ വീഡിയോകൾ പകർത്തുന്ന തിരക്കിലായിരുന്നു. ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്തു. ഹസ്തദാനം ചെയ്തു. യാത്രക്ക് മാന്യമായ ഒരു വഴി നൽകി. ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല" -രാജ പറഞ്ഞു.
"പിന്നെ എന്ത് സംഭവിച്ചു?" ലേഖകൻ ചോദിച്ചു.''ചില ആളുകൾ ഒത്തുകൂടി. തങ്ങൾ പള്ളിക്കുമുന്നിൽ ഡി.ജെ കളിക്കുമെന്ന് പറഞ്ഞു. പള്ളിക്ക് മുന്നിൽ പതാക സ്ഥാപിക്കാൻ ശ്രമിച്ചു. അവർ കാവി പതാക ഉയർത്താൻ ശ്രമിച്ചു. പിന്നീട് സ്ഥിതി മോശമായി. എല്ലായിടത്തും അരാജകത്വം. എല്ലാ വർഷവും പൊലീസ് സാന്നിധ്യത്തോടെയാണ് ഈ റാലി നടക്കുന്നത്. ഒരിക്കലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എന്നാൽ ഇത്തവണ, കഴിഞ്ഞ 4-5 ദിവസങ്ങളിലായി ഹിന്ദു-മുസ്ലിം സംഘർഷം സൃഷ്ടിക്കപ്പെടുകയായിരുന്നു. മനപ്പൂർവം മറുഭാഗം പ്രകോപനം സൃഷ്ടിച്ചു. അവർ പെട്ടെന്ന് വന്ന് ഡി.ജെ കളിക്കാൻ തുടങ്ങി. തടഞ്ഞപ്പോൾ കല്ലെറിയാൻ തുടങ്ങി. പിന്നെ വഴക്ക് തുടങ്ങി. നിങ്ങൾ കൈയേറ്റം ചെയ്യപ്പെട്ടാൽ നിങ്ങൾ എന്തു ചെയ്യും? ഞങ്ങളുടെ ഭാഗത്തുനിന്നും ആളുകൾ കൂടി. അവിടെ കുഴപ്പമുണ്ടായി. തുടർന്ന് പൊലീസ് എത്തി'' -രാജ കൂട്ടിച്ചേർത്തു.
ശോഭാ യാത്രയിൽ പങ്കെടുത്തവരിൽ ചിലർ ഉറയിലിടാത്ത വാളുകളും മൂർച്ചയേറിയ മറ്റ് ആയുധങ്ങളും കൊണ്ട് ചുറ്റികറങ്ങുന്ന ദൃശ്യങ്ങളും രാജ റിപ്പോർട്ടർക്ക് കാട്ടിക്കൊടുത്തതായി 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.