ബംഗളൂരു: സ്പീക്കർ അയോഗ്യനാക്കിയ എം.എൽ.എയെ പിൻവാതിലിലൂടെ മന്ത്രിയാക്കാനുള്ള കർണാടകയിലെ ബി.ജെ.പി സർക്കാറിെൻറ നീക്കത്തിന് ഹൈകോടതിയിൽ തിരിച്ചടി. ഉപതെരഞ്ഞെടുപ്പിൽ മൈസൂരുവിലെ ഹുൻസൂർ മണ്ഡലത്തിൽ പരാജയപ്പെട്ട എ.എച്ച്. വിശ്വനാഥിനെ നിയമ നിർമാണ കൗൺസിലിലേക്ക് നാമനിർദേശം ചെയ്ത് മന്ത്രിയാക്കാനായിരുന്നു യെദിയൂരപ്പ സർക്കാറിെൻറ ശ്രമം.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയല്ലാത്തതിനാൽ നിയമനിർമാണ കൗൺസിലിെൻറ കാലാവധി അവസാനിക്കുന്ന 2021 വരെ അദ്ദേഹത്തിന് മന്ത്രിപദവി നൽകാനാവില്ലെന്ന് കർണാടക ഹൈകോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ജെ.ഡി.എസിെൻറ മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന വിശ്വനാഥ് കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിനെ വീഴ്ത്തിയ ഒാപറേഷൻ താമരയിലൂടെ ബി.ജെ.പിയിൽ ചേരുകയായിരുന്നു.
കൂറുമാറ്റത്തെ തുടർന്ന് വിശ്വനാഥ് അടക്കം 17 എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഉപതെരഞ്ഞെടുപ്പിൽ വിശ്വനാഥ്, എം.ടി.ബി നാഗരാജ് എന്നിവർ തോറ്റു. വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം നൽകാൻ വിശ്വനാഥിനെ നിയമനിർമാണ കൗൺസിലിലേക്ക് മുഖ്യമന്ത്രി നാമനിർദേശം ചെയ്തത് ഗവർണർ അംഗീകരിച്ചു. നാഗരാജും അയോഗ്യനാക്കപ്പെട്ട മറ്റൊരു എം.എൽ.എ ആർ. ശങ്കറും തെരഞ്ഞെടുപ്പിലൂടെ നിയമനിർമാണ കൗൺസിലിലേക്ക് ജയിക്കുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മൂവരെയും പിൻവാതിലിലൂടെ മന്ത്രിയാക്കാൻ മാത്രമായാണ് എം.എൽ.സിയാക്കിയതെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ എ.എസ്. ഹരീഷ് ൈഹകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹരജിക്കാരനുവേണ്ടി ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.