'കശ്മീർ ഫയൽസ്' എന്ന ചിത്രത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാക്കുകയാണ് സംഘ്പരിവാറെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അർധ സത്യങ്ങളുപയോഗിച്ച് സംഘ്പരിവാർ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
'കശ്മീർ പണ്ഡിറ്റുകൾ ഏറെ ദുരിതങ്ങൾ നേരിട്ടിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. ഒരു ഇന്ത്യക്കാരനും അനുഭവിക്കാൻ പാടില്ലാത്ത ദുരിതങ്ങളാണത്. അവർക്ക് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, അതുമാത്രമല്ല അവിടെ സംഭവിച്ചിട്ടുള്ളത്. മറ്റു ചിലത് കൂടിയുണ്ട്' -ബൃന്ദ പറഞ്ഞു.
'ഭീകരർ അവരെ എതിർക്കുന്ന ആരെയും ആക്രമിച്ചിട്ടുണ്ട്. എത്രയോ മുസ്‍ലിം നേതാക്കളെ അവർ കൊന്നു തള്ളിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ സ്പീക്കറും എം.എൽ.എമാരും ഭീകരരുടെ കശാപ്പിനിരയായിട്ടുണ്ട്.' -ബൃന്ദ തുടർന്നു.
താഴ്വരയിലെ വലിയൊരു വിഭാഗം മുസ്‍ലിംകൾ പണ്ഡിറ്റുകളോടൊപ്പമായിരുന്നുവെന്നും അവർ പറഞ്ഞു. ഭീകരതയുടെ നാളുകളിൽ എതിർപ്പുയർത്തുന്നവരൊക്കെയും ദുരിതങ്ങളും അക്രമവും നേരിട്ടുണ്ട്. മുസ്‍ലിംകളും അതിൽ ഉൾപ്പെടും. എന്നാൽ, ആ സഹനങ്ങളും ഐക്യവുമൊന്നും കശ്മീർ ഫയൽസെന്ന ചിത്രത്തിൽ കാണാനേ ഇല്ലെന്നും ബൃന്ദ പറഞ്ഞു.
'കശ്മീരിലെ ദുരന്തത്തെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാക്കുന്നത് ദൗർഭാഗ്യകരമാണ്. അർധസത്യങ്ങൾ സത്യങ്ങളല്ല' -ബൃന്ദ പറഞ്ഞു.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'കശ്മീർ ഫയൽസ്' മാർച്ച് 11 നാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തെ സംഘ് പരിവാർ പ്രചരണായുധമാക്കുകയും വിദ്വേഷം പടർത്താൻ ഉപയോഗിക്കുകയും ചെയ്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറുകൾ ചിത്രത്തിന് നികുതി ഇളവ് നൽകുകയും സർക്കാർ ജീവനക്കാർക്ക് സിനിമ കാണാൻ പ്രത്യേക അവധി അനുവദിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.