ന്യൂഡൽഹി: ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ ഖാലിസ്താൻവാദി ഗുർപട്വന്ത്സിങ് പന്നുവിനെ വധിക്കാൻ വൻതുകക്ക് വാടകക്കൊലയാളിയെ ഏർപ്പാടാക്കിയ സംഭവത്തിൽ മുതിർന്ന ഇന്ത്യൻ ഇന്റലിജൻസ് ഓഫിസർക്ക് പങ്കുണ്ടെന്ന യു.എസ് അന്വേഷകരുടെ ആരോപണം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കി.
ഹർദീപ്സിങ് നിജ്ജർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച ആരോപണം ഇന്ത്യ-കാനഡ ബന്ധങ്ങൾ മോശമാക്കിയതിനു പിന്നാലെയാണ് അമേരിക്കൻ അന്വേഷകരുടെ വെളിപ്പെടുത്തൽ. ഈ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രതിയോഗികളെ വകവരുത്തുന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ത്യ-യു.എസ് ബന്ധങ്ങൾക്കപ്പുറം, രണ്ടു സംഭവങ്ങളും അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദപ്പെട്ട രാജ്യവും ഭരണകൂടവുമെന്ന ഇന്ത്യയുടെ ദീർഘകാല യശസ്സിനുനേരെ സംശയത്തിന്റെ വിരൽ ചൂണ്ടുന്നതായി.
ഇന്ത്യയിൽനിന്ന് ഉത്തരങ്ങൾ കിട്ടാനുണ്ടെന്നും, കിട്ടിയേ തീരൂ എന്നുമുള്ള നിലപാടാണ് അമേരിക്കൻ ഭരണകൂടം വെള്ളിയാഴ്ചയും ആവർത്തിച്ചത്. അമേരിക്കൻ പൗരനെ അമേരിക്കൻ മണ്ണിൽ വാടകക്കൊലയാളികളെ നിയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന വിഷയം അമേരിക്ക അതിഗൗരവത്തോടെയാണ് കാണുന്നതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ, വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി എന്നിവർ വ്യക്തമാക്കി.
യു.എസ് ഭരണകൂടത്തിലെ നിരവധി പേർ കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യൻ അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്ന് ആന്റണി ബ്ലിങ്കൻ തെൽഅവീവിൽ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കൂടുതൽ പറയുന്നില്ല. ഇന്ത്യ അന്വേഷണം നടത്തുന്നതായി അറിയിച്ചിട്ടുണ്ട്. അത് ഉചിതമാണ്; സ്വാഗതം ചെയ്യുന്നു. അന്വേഷണ ഫലം അറിയാൻ കാത്തിരിക്കുന്നതായും ബ്ലിങ്കൻ പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങൾ പ്രധാനമാണെന്നും ഇന്ത്യ അമേരിക്കയുടെ പ്രതിരോധ പങ്കാളിയാണെന്നും ജോൺ കിർബി പറഞ്ഞു. ബന്ധങ്ങൾ ശക്തിപ്പെട്ടുവരുകയുമാണ്. അതേസമയം, വധശ്രമം സംബന്ധിച്ച ആരോപണവും അന്വേഷണവും ഗൗരവത്തോടെ കാണുന്നു. അന്വേഷണം പ്രഖ്യാപിച്ചത് വിഷയം ഇന്ത്യ ഗൗരവത്തിലെടുത്തതിന്റെ ലക്ഷണമാണ്. കുറ്റകൃത്യത്തിന്റെ ഉത്തരവാദികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിജ്ജറുടെ പ്രശ്നത്തിൽ കാനഡയുമായുണ്ടായ നയതന്ത്ര പോരിൽനിന്ന് ഭിന്നമായി, അമേരിക്കൻ ആരോപണങ്ങൾക്കു മുന്നിൽ കേന്ദ്രസർക്കാർ മൃദുഭാഷയും അനുനയവും കാട്ടുന്നത് ശ്രദ്ധേയമായി. വിവിധ മേഖലകളിലേക്ക് വ്യാപിച്ച പരസ്പരബന്ധത്തെ പന്നു കേസ് ദോഷകരമായി ബാധിക്കാതിരിക്കാനുള്ള ജാഗ്രത അമേരിക്കയും ഇന്ത്യയും ഒരുപോലെ കാണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.