ഹൈദരാബാദ്: തെലങ്കാനയിൽ കോവിഡ് ബാധിച്ച് മരിച്ച ഹിന്ദു യുവാവിെന്റ അന്ത്യ കർമങ്ങൾ നടത്തയത് രണ്ട് മുസ്ലിം സഹോദരങ്ങൾ. സംസ്ഥാനത്തെ പെഡ്ഡ കോഡപ്ഗൽ മണ്ഢലിലിലെ കടപള്ളി ഗ്രാമത്തിലാണ് സംഭവം.
കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളെക്കൊണ്ട് ശ്മശാനങ്ങളും ശവസംസ്കാര കേന്ദ്രങ്ങളും നിറഞ്ഞു കവിയുന്നതിനിടെ രോഗം പകരുമോ എന്ന ഭയം കാരണം ബന്ധുക്കൾ പോലും മൃതദേഹം ഏറ്റെടുക്കാൻ മടിക്കുന്ന സാഹചര്യമുണ്ട്. ഇതിനിടെയാണ് മത വിവേചനമില്ലാതെ രണ്ട് മുസ്ലിം യുവാക്കൾ മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ചത്.
മൊഘുളിയ എന്നയാളുടെ അന്ത്യ കർമങ്ങളാണ് മുസ്ലിം ചെറുപ്പക്കാർ നടത്തിയത്. കുറച്ച് ദിവസം മുമ്പാണ് അദ്ദേഹം അസുഖ ബാധിതനായത്. പിന്നീട് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അസുഖം കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ ചികിത്സക്കായി മൊഘുളിയയെ ഭാൻസുവാടയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.
എന്നാൽ, വൈറസ് ബാധയേൽക്കുമോ എന്ന ഭയം കാരണം മൊഘുളിയയുടെ മൃതദേഹം ഏറ്റെടുക്കാനോ അന്ത്യകർമങ്ങൾ നടത്താനോ കുടുംബാംഗങ്ങൾ തയാറായില്ല. ഇതിനെ തുടർന്നാണ് ശാഫി, അലി എന്ന രണ്ട് മുസ്ലിം സഹോദരങ്ങൾ മൊഘുളിയയുടെ ശേഷക്രിയ നടത്താം എന്നേറ്റത്. ആംബുലൻസ് സേവനം നടത്തുന്ന ഇരുവരും കൂടി മൃതദേഹം ആശുപത്രിയുടെ തന്നെ സംസ്കാര കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയും ഹിന്ദു ആചാര പ്രകാരം കർമങ്ങൾ നിർവഹിക്കുകയുമായിരുന്നു.
രാജ്യത്ത് കൊറോണ വൈറസ് കേസുകൾ കുതിച്ചുയരുന്നതിനിടെ ആരോഗ്യ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും അഭാവം ആശങ്കയായി മാറുന്നതിനിടെ ഗുജറാത്തിലെ വഡോദരയിലെ ഒരു മുസ്ലിം പള്ളി 50 രോഗികളെ പാർപ്പിക്കാൻ സൗകര്യമുള്ള കോവിഡ് -19 കേന്ദ്രമാക്കി മാറ്റിയത് വാർത്താ പ്രാധാന്യം നേടിയിരുന്നു. ജഹാംഗീർപുരയിലെ ഒരു പള്ളിയും 50 കിടക്കകളുള്ള കോവിഡ് കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.
അതേസമയം, ഗുജറാത്തിലെ വഡോദരയിൽ മുസ്ലിം ചെറുപ്പക്കാർ ഹിന്ദുക്കളുടെ അന്ത്യ കർമങ്ങൾ നിർവഹിക്കുന്നതിനെതിരെ ബി.ജെ.പി നേതാവ് രംഗത്തെത്തിയിരുന്നു. ഏപ്രിൽ 16ന് ഒരു ബി.ജെ.പി നേതാവിന്‍റെ സംസ്കാര ചടങ്ങിനായി വഡോദരയിലെ ഖസ്വാദി ശ്മശാനത്തിലെത്തിയ ബി.ജെ.പി സിറ്റി യൂനിറ്റ ് പ്രസിഡന്‍റ് ഡോ. വിജയ് ഷാ അടക്കമുള്ളവരാണ് മുസ്ലിം വളണ്ടിയറുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചത്. വഡോദര മുൻസിപ്പൽ കോർപറേഷനിൽ (വി.എം.സി) ഇതു സംബന്ധിച്ച് പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.