അവസാനഘട്ടത്തിലുണ്ടായ അപ്രതീക്ഷിത തടസ്സംമൂലം 30 മണിക്കൂർ സ്തംഭിച്ച സിൽക്യാര തുരങ്ക രക്ഷാദൗത്യം വെള്ളിയാഴ്ച പുനരാരംഭിച്ചു. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ച് നിർത്തിയ അടിത്തറ വീണ്ടും കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച് വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് തുരക്കുന്ന പ്രവൃത്തി വീണ്ടും തുടങ്ങിയത്. എന്നാൽ, ഇരുമ്പുകുഴൽ കയറ്റാൻ തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും വീണ്ടും തടസ്സമുണ്ടായി. ഇതിനെതുടർന്ന് 13 ദിവസം നീണ്ട രക്ഷാദൗത്യം വീണ്ടും നീളുകയാണ്.
തുരങ്കമിടിഞ്ഞ് മണ്ണും കല്ലും ഇരുമ്പുകമ്പികളുമുള്ള അവശിഷ്ടങ്ങൾക്കിടയിലൂടെ ആറ് മീറ്ററിന്റെ ഒമ്പത് കുഴലുകൾ കയറ്റാനായിട്ടുണ്ട്. പത്താമത്തെയും പതിനൊന്നാമത്തെയും കുഴൽകൂടി കയറ്റിയശേഷമേ തൊഴിലാളികളെ ഇതുവഴി പുറത്തു കടത്താനാകൂ എന്ന് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവും ഉത്തരാഖണ്ഡ് സർക്കാറിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായ (ഒ.എസ്.ഡി) ഭാസ്കർ ഖുൽദെ പറഞ്ഞു. ഡ്രില്ലിങ് യന്ത്രം തുരന്ന് ഒമ്പതാമത്തെ കുഴൽ 2.2 മീറ്റർ മുന്നോട്ടു തള്ളിയപ്പോഴാണ് വെള്ളിയാഴ്ച വീണ്ടും ചെറിയ തടസ്സമുണ്ടായത്. ഇരുമ്പ് കമ്പികളും ലോഹഭാഗങ്ങളും തടസ്സമായതോടെ ഡ്രില്ലിങ് യന്ത്രത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു.
ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇവ മുറിച്ചുമാറ്റിയശേഷമേ ഡ്രില്ലിങ് യന്ത്രം വീണ്ടും പ്രവർത്തിപ്പിക്കൂവെന്ന് ദൗത്യസംഘത്തിലുള്ള തിരുനൽവേലി സ്വദേശി ഷൺമുഖൻ പറഞ്ഞു. കുഴലുകളിലൂടെ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ സിസ്റ്റം (ജി.പി.ആർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മുന്നോട്ട് തുരക്കാനുള്ള അഞ്ച് മീറ്റർ ദൂരത്തിൽ തുടർച്ചയായ ലോഹതടസ്സങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തിയതായി നാഷനൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (എൻ.എച്ച്.ഐ.ഡി.സി) മാനേജിങ് ഡയറക്ടർ മഹ്മൂദ് അഹമ്മദ് അറിയിച്ചിരുന്നു. ഡ്രില്ലിങ് യന്ത്രം മുടക്കമില്ലാതെ പ്രവർത്തിച്ചാൽ ആറ് മണിക്കൂറിനുള്ളിൽ രക്ഷാദൗത്യം അവസാനിപ്പിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിൽ കാര്യമായ പുരോഗതി കൈവരിച്ച ബുധനാഴ്ച ഒമ്പതാമത്തെ ഇരുമ്പുകുഴലും കയറ്റിയപ്പോഴാണ് ആദ്യ പ്രതിസന്ധി രൂപപ്പെട്ടത്.
തുരങ്കത്തിൽനിന്ന് കോൺക്രീറ്റിനൊപ്പം ഇടിഞ്ഞുവീണ ഇരുമ്പ് ഗർഡറാണ് ഈ മാസം 22ന് ആദ്യം വഴിമുടക്കിയത്. അതിന് ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പ് മുറിച്ചുമാറ്റി. പിറ്റേന്ന് 1.8 മീറ്റർ മുന്നോട്ടുപോയപ്പോൾ കോൺക്രീറ്റിനൊപ്പം തകർന്നു വീണ ഇരുമ്പുപൈപ്പുകൾ വീണ്ടും തടസ്സമായി. ഇതും മുറിച്ചുനീക്കി. എന്നാൽ ഡ്രില്ലിങ് യന്ത്രത്തിന്റെ ബ്ലേഡുകൾ ലോഹഭാഗങ്ങളിൽ തട്ടി കേടുവന്നത് നന്നാക്കേണ്ടി വന്നു. പിന്നീട് ഡ്രില്ലിങ് യന്ത്രത്തിന്റെ അടിത്തറ ഇളകി. ഇത് വീണ്ടും കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.