അരിക്കൊമ്പന് സുഖംതന്നെയെന്ന് വനംവകുപ്പ്; കേരളത്തിന് കൈമാറണമെന്ന ഹരജി തള്ളി

ചെന്നൈ: തമിഴ്നാട് വനംവകുപ്പ് കമ്പത്തുനിന്ന് മയക്കുവെടിവെച്ച് പിടികൂടി തിരുനെൽവേലി വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹരജി മദ്രാസ് ഹൈകോടതി തള്ളി. അരിക്കൊമ്പനെ കേരളത്തിലെ മതികെട്ടാൻ ദേശീയോദ്യാനത്തിൽ എത്തിക്കണം എന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റബേക്ക ജോസഫാണ് ഹരജി നൽകിയത്. മദ്രാസ് ഹൈകോടതിയുടെ ഫോറസ്റ്റ് ബെഞ്ചാണ് ഹരജി തള്ളിയത്.

ഹരജിയിൽ ഹൈകോടതി വനംവകുപ്പിന്‍റെ നിലപാട് തേടിയിരുന്നു. എന്നാൽ, ആന ആരോഗ്യവാനാണെന്നും മതിയായ തീറ്റയും വെള്ളവും ലഭിക്കുന്നുണ്ടെന്നും നിലവിലെ സ്ഥലത്തുനിന്ന് മാറ്റേണ്ട ആവശ്യമില്ലെന്നും വനംവകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. ആനയെ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി. തുടർന്നാണ് ഹരജി തള്ളിയത്.

അരിക്കൊമ്പനെ കേരളത്തിലെ വനത്തിൽ തുറന്നുവിടണമെന്നാവശ്യപ്പെട്ടുള്ള റബേക്കയുടെ ഹരജിക്കെതിരെ നേരത്തെ മദ്രാസ് ഹൈകോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഹരജി പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നാണ് തോന്നുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന്, വനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ഫോറസ്റ്റ് ബെഞ്ചിന് കേസ് കൈമാറുകയായിരുന്നു.

കേരളത്തിലെ ഇടുക്കി ചിന്നക്കനാൽ മേഖലയിൽ കനത്ത നാശമുണ്ടാക്കിയതിനെ തുടർന്നാണ് അരിക്കൊമ്പനെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവാസങ്കേതത്തിൽ തുറന്നുവിട്ടത്. എന്നാൽ, ഇവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടന്ന ആന കമ്പം മേഖലയിലും നാശങ്ങളുണ്ടാക്കി. തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയത്. തിരുനെൽവേലിയിലെ മുണ്ടൻതുറൈ കടുവസംരക്ഷണ കേന്ദ്രത്തിൽ തുറന്നുവിട്ട ആന നിലവിൽ കന്യാകുമാരി വനമേഖലയിലാണുള്ളത്. 

Tags:    
News Summary - The Madras High Court rejected the petition to extradite Arikompan to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.