ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം കുടുംബം ആദ്യം രാജ്യം ഒന്നുമല്ല എന്നതാണെന്നും വ്യക്തിപരമായ നേട്ടങ്ങളിൽ മാത്രമാണ് അവർക്ക് താൽപര്യമെന്നും മോദി ആരോപിച്ചു.
ആന്തമാൻ നിക്കോബാർ ദ്വീപിലെ പോർട്ട് െബ്ലയർ എയർപോർട്ടിൽ നിർമിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിങ്ങിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കടുത്ത അഴിമതിക്കാരാണ് യോഗം ചേരുന്നത്. അഴിമതി പ്രതിരോധിക്കാനാണ് പ്രതിപക്ഷം ഒന്നിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
‘കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ, ഞങ്ങൾ പഴയ സർക്കാറുകളുടെ തെറ്റുകൾ തിരുത്തുക മാത്രമല്ല, ആളുകൾക്ക് പുതിയ സൗകര്യങ്ങളും വഴികളും ഒരുക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയിൽ ഒരു പുത്തൻ വികസന മാതൃക വന്നിരിക്കുന്നു. ഇത് ചേർത്തു നിർത്തലിന്റെ മാതൃകയാണ്’, മോദി കൂട്ടിച്ചേർത്തു.
അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തെ തോൽപിക്കുകയെന്ന അജണ്ട മുന്നിൽ വെച്ചാണ് 26 പ്രതിപക്ഷ കക്ഷികളുടെ 49 നേതാക്കൾ ബംഗളൂരുവിൽ യോഗം ചേരുന്നത്. ഇതിന് മറുപടിയായി തങ്ങളോട് സഹകരിക്കുന്ന കക്ഷികളെ ബി.ജെ.പി ചൊവ്വാഴ്ച തിരക്കിട്ട് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. 38 പാർട്ടികൾ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.