മല താഴോട്ട് തുരന്ന് തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള അന്താരാഷ്ട്ര വിദഗ്ധൻ ആർണോൾഡ് ഡിക്സ് നിർദേശിച്ച ബദൽ രക്ഷാദൗത്യത്തിന് ഞായറാഴ്ച തുടക്കമിട്ടു. മലമുകളിലേക്ക് എത്തിച്ച യന്ത്രം ഉപയോഗിച്ച് 1.2 മീറ്റർ വ്യാസത്തിൽ തുരങ്കംവരെ 84 മീറ്റർ കുഴിക്കുന്നതിനാണ് തുടക്കമിട്ടത്. തുരങ്കത്തിന്റെ മേൽക്കൂരവരെ തുരന്നെത്താൻ 100 മണിക്കൂർ എടുക്കുമെന്നാണ് കരുതുന്നത്. ഞായറാഴ്ച രാത്രി എട്ടോടെ 22 മീറ്ററിലധികം കുഴിച്ചതായി എൻജിനീയർമാർ അറിയിച്ചു.
ദേശീയപാത അതോറിറ്റിയും കര, വ്യോമസേനകളും ദുരന്തനിവാരണ സേനയും അടക്കം 15 ഏജൻസികൾ ഒന്നരയാഴ്ച പണിയെടുത്തിട്ടും ഒന്നിന് പിറകെ ഒന്നായി 60 മീറ്റർ നീളത്തിൽ കുഴൽപാത ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഏതാനും മീറ്ററുകൾ മാത്രം ബാക്കിനിൽക്കെ ഡ്രില്ലിങ് യന്ത്രത്തിന്റെ ബ്ലേഡുകൾ കുടുങ്ങി വെള്ളിയാഴ്ച രാത്രിയാണ് ദൗത്യം നിർത്തിയത്.
കുഴൽപാതക്ക് അകത്ത് കുടുങ്ങിയ ബ്ലേഡുകളുടെ വലിയൊരു ഭാഗം ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റിയിട്ടുണ്ട്. ഇനി 13 മീറ്ററിൽകൂടി ബ്ലേഡ് മുറിച്ചുമാറ്റിയാലേ ഇതുവഴി തുരക്കാൻ സാധിക്കുകയുള്ളൂ. തിങ്കളാഴ്ച രാവിലെ ഇതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് എൻജിനീയർമാർ. ബ്ലേഡ് മുറിച്ചുമാറ്റുന്ന മുറക്ക് കുഴൽപാത വഴിയുള്ള ഈ രക്ഷാദൗത്യവും തുടരും.
സിൽക്യാര തുരങ്കം അവസാനിക്കുന്ന ബാർകോട്ട് ഭാഗത്ത് തോട്ടപൊട്ടിച്ച് തുരങ്കപാത ഒരുക്കുന്നെന്നതാണ് മൂന്നാമത്തെ ദൗത്യമായി അവകാശപ്പെട്ടത്. ഇത് പൂർത്തിയാകാൻ 40 ദിവസം എടുക്കുമെന്നും എൻ.എച്ച്.ഐ.ഡി.സി.എൽ മേധാവി മഹ്മൂദ് അഹമ്മദ് മാധ്യമങ്ങളെ അറിയിച്ചു. യഥാർഥത്തിൽ തുരങ്കത്തിന്റെ മറുഭാഗത്ത് കരാർ കമ്പനി പൂർത്തിയാക്കാനുള്ള നിർമാണ പ്രവർത്തനമാണ് തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പാതയൊരുക്കലായി അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.