ന്യൂഡൽഹി: ത്രിപുരയിലെ യഥാർഥ പ്രശ്നം ഹിന്ദുക്കളും മുസ്ലിംകളും തമ്മിലല്ലെന്നും ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും തദ്ദേശീയരും തമ്മിലാണെന്നും ത്രിപുര പീപ്ൾസ് ഫ്രണ്ട് (ടി.പി.എഫ്) പ്രസിഡൻറ് പടൽ കന്യാ ജമതിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ത്രിപുരയിലെ ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താൻ അസമിലേതു പോലെ എൻ.ആർ.സി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരത്തിന് നേതൃത്വം നൽകുകയാണ് അവർ.
ബംഗ്ലാദേശികളുടെ സർക്കാറാണ് ത്രിപുര ഭരിക്കുന്നതെന്ന് അവർ പറഞ്ഞു. ത്രിപുര മുഖ്യമന്ത്രിയും മറ്റു പല മന്ത്രിമാരും ബംഗ്ലാദേശികളാണ്.
അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളെ പുറത്താക്കണമെന്ന് പറയുമ്പോൾ അതിൽ ഹിന്ദു -മുസ്ലിം വേർതിരിവ് പറ്റില്ല. ഇതിനെ ഹിന്ദു - മുസ്ലിം പ്രശ്നമാക്കി മാറ്റാനാണ് നോക്കുന്നതെന്നും അത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും അവർ പറഞ്ഞു. ത്രിപുരയിലെ ബംഗ്ലാദേശി ഹിന്ദുക്കൾക്ക് പൗരത്വ ഭേദഗതി നിയമത്തിലൂടെ പൗരത്വം നൽകാൻ സമ്മതിക്കില്ല. ത്രിപുരയിലെ തദ്ദേശീയരായ വിഭാഗങ്ങൾ കൊലക്കും മാനഭംഗത്തിനും മറ്റു ആക്രമണങ്ങൾക്കും ഇരയാകുമ്പോൾ നീതി കിട്ടാത്തത് ബംഗ്ലാദേശികളുടെ ഭരണം കൊണ്ടാണെന്ന് അവർ കുറ്റപ്പെടുത്തി.
ഇത്തരം കേസുകളിലൊന്നും പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നില്ല. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ത്രിപുരയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. അമിതാഭ് ദേബ് ബർമ, സുനനാര ജമതിയ, ഉയ്സത്യ റാണി ജമതിയ, പിൻറു ദേബ്ബർമ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.