ന്യൂഡൽഹി: വെററിലയും പാൻമസാലയും മുറുക്കി യാത്രക്കാർ തുപ്പുന്നത് വൃത്തിയാക്കാൻ മാത്രം ഇന്ത്യൻ റെയിൽവെ പ്രതിവർഷം ചെലവാക്കുന്ന തുക കേട്ടാൽ ആരും ഞെട്ടും. 1200 കോടി രൂപ. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലുമെല്ലാം യാത്രാക്കാർ മുറുക്കി തുപ്പുന്നത് കഴുകിക്കളയാനാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്.
വെറ്റിലക്കറ ദിവസങ്ങളോളം നിൽക്കുമെന്നതിനാൽ വെള്ളവും കറ ഇളക്കുന്ന ലായനിയുമെല്ലാം ഉപയോഗിച്ച് മണിക്കൂറുകളെടുത്താണ് കഴുകിക്കളയുന്നത്. റെയിൽവെ ചെലവഴിക്കുന്ന വെള്ളത്തിന് പുറമെയാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ യാത്രക്കാർക്ക് ചെറിയ തുപ്പൽ കോളാമ്പി നൽകാൻ പദ്ധതിയിട്ടിരിക്കുകയാണ് റെയിൽവെ.
അഞ്ചു മുതൽ പത്ത് രൂപയാണ് മണ്ണിൽ പെട്ടെന്ന് അലിയുന്ന തുപ്പൽ പാത്രത്തിന്‍റെ വില. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ഈ പാത്രങ്ങള്‍. 15, 20 തവണ വീണ്ടും ഉപയോഗിക്കുന്ന തരത്തിലാണ് ഇത് രൂപകൽപന ചെയ്തിട്ടുള്ളത്. തുപ്പൽ ഖരവസ്തുവാക്കി മാറ്റാനും പിന്നീടത് ചെടികൾക്ക് വളമായി ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
അഞ്ചോ പത്തോ രൂപക്ക് യാത്രക്കാർക്ക് ഇത് ലഭ്യമാക്കാനാണ് പദ്ധതി. പോക്കറ്റിൽ ഇട്ടുകൊണ്ടുപോകാൻ പാകത്തിൽ ചെറുതായിരിക്കും ഈ പാത്രങ്ങൾ. നാഗ്പുർ ആസ്ഥാമായി പ്രവർത്തിക്കുന്ന കമ്പനി ഈസി സ്പിറ്റ് എന്ന പേരിൽ ഈ ഉത്പന്നം പുറത്തിറക്കിക്കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ വെസ്റ്റേൺ, നോർത്തേൺ, ഈസ്റ്റേൺ സോണുകളിൽ പരിചയപ്പെടുത്താനാണ് റെയിൽവെ പദ്ധതിയിടുന്നത്.
നിലവിൽ റെയിൽവെ സ്റ്റേഷൻ പരിസരത്തും ട്രെയിനുകളിലും തുപ്പുന്നവർക്ക് 500 രൂപയാണ് പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.