ന്യൂഡൽഹി: ചോദ്യക്കോഴ വിഷയത്തിൽ തൃണമൂൽ കോൺഗ്രസിലെ മഹുവ മൊയ്ത്രയുടെ എം.പി സ്ഥാനം റദ്ദാക്കാൻ ശിപാർശ ചെയ്യുന്ന എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ശീതകാല പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ലോക്സഭയിൽ വെക്കാനുള്ള നീക്കം ഉപേക്ഷിച്ച് ബി.ജെ.പി. തെരഞ്ഞെടുപ്പു ജയാരവത്തെ തടസ്സപ്പെടുത്താതെ നോക്കുകയാണ് ചെയ്തതെന്നാണ് സൂചന.
എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ചെയർമാൻ വിനോദ്കുമാർ സോങ്കർ ലോക്സഭയിൽ വെക്കുന്നത് തിങ്കളാഴ്ചത്തെ കാര്യപരിപാടിയിൽ അഞ്ചാമത്തെ ഇനമായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, അത് ഒഴിവാക്കി നാലിൽ നിന്ന് ആറാമത്തെ നടപടിയിലേക്ക് കടക്കുകയാണ് സ്പീക്കറുടെ ചെയറിൽ ഉണ്ടായിരുന്ന കിരിത് സോളങ്കി ചെയ്തത്. ആശ്ചര്യം പ്രകടിപ്പിച്ച് തൃണമൂൽ കോൺഗ്രസിലെ സുദീപ് ബന്ദോപാധ്യായ, ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ, കോൺഗ്രസിലെ കോടിക്കുന്നിൽ സുരേഷ് എന്നിവർ എഴുന്നേറ്റു. എന്നാൽ, ചെയറിൽ നിന്ന് വിശദീകരണമൊന്നും ഉണ്ടായില്ല.
എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടും സഭയിൽ വെക്കാതിരുന്നതിന്റെ കാരണം കമ്മിറ്റിക്കു മാത്രമേ അറിയൂ എന്ന് കോൺഗ്രസിന്റെ സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു. റിപ്പോർട്ട് വെച്ചതിനുശേഷം പ്രതികരിക്കാമെന്ന് മഹുവ മൊയ്ത്ര മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മഹുവ മൊയ്ത്രയും ചോദ്യക്കോഴ സംബന്ധിച്ച പരാതിക്കാരനായ ബി.ജെ.പിയിലെ നിഷികാന്ത് ദുബെയും തിങ്കളാഴ്ചത്തെ സഭാ നടപടികളിൽ പൂർണമായിത്തന്നെ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.