ന്യൂഡൽഹി: ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ആശങ്ക ഉയർത്തി സ്വദേശി ജാഗരൺ മഞ്ച് (എസ്.ജെ.എം). കഴിഞ്ഞ 30 വർഷത്തിനിടെ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചതായി എസ്.ജെ.എം കോ-കൺവീനർ അശ്വനി മഹാജൻ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം 2016നും 2021നും ഇടയിൽ 26.44 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് പഠനത്തിനായി പോയിട്ടുണ്ട്. അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ കണക്കാക്കുന്നത് 2020 ൽ 4.5 ലക്ഷം വിദ്യാർഥികൾ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയെന്നാണ്.അതിനായി അവർ 13.5 ബില്യൺ ഡോളർ ചെലവഴിച്ചു. 2022ലെ ചെലവ് 24 ബില്യൺ ഡോളർ ആണ്. റെഡ്സീർ സ്ട്രാറ്റജി കൺസൾട്ടൻറ്സിന്റെ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 20 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് പഠിച്ചാൽ 2024 ആകുമ്പോഴേക്കും ചെലവ് 80 ബില്യൺ ഡോളറായി ഉയരുമെന്നും മഹാജൻ ബ്ലോഗിലൂടെ വ്യക്തമാക്കി.
"2024 ഓടെ വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ എണ്ണം 20 ലക്ഷത്തിലെത്തുകയും അവർ ചെലവഴിച്ച തുക 80 ബില്യൺ ഡോളറിലെത്തുകയും ചെയ്യുമ്പോൾ അത് രാജ്യത്തിന് അപകടകരമായ അവസ്ഥയായിരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ, വിദേശത്തേക്ക് പോയി മാതാപിതാക്കൾ അധ്വാനിച്ച പണം പാഴാക്കാതിരിക്കാൻ യുവാക്കളെ യാഥാർഥ്യത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യേകം ശ്രമിക്കേണ്ടതുണ്ട്" - അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണെന്നും എന്നാൽ കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തം നിലനിൽപ്പിനായി അവർക്ക് എളുപ്പത്തിൽ പ്രവേശനം നൽകുകയാണെന്ന് അവർ മനസ്സിലാക്കുന്നില്ലെന്നും യഥാർഥ വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ലാതെ ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളിൽ നിന്ന് വൻ ഫീസ് തട്ടിയെടുക്കാൻ നിരവധി വിദ്യാഭ്യാസ ‘കടകൾ’ തുറക്കുകയാണെന്നും അശ്വനി മഹാജൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.