ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബാഗ് മറന്നതിനെച്ചൊല്ലി വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയും ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിക്കുകയും ചെയ്ത് അധ്യാപകൻ. സംഭവത്തിൽ വിദ്യാർഥിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
അലിഗഡിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ വിട്ട് കരഞ്ഞ് കൊണ്ട് വിദ്യാർഥി വീട്ടിലേക്ക് വരുന്നത് കണ്ട് മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് ക്രൂരത പുറംലോകം അറിയുന്നത്. പിന്നാലെ സ്‌കൂളില്‍ പോയി പ്രതിഷേധിച്ച മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
യു.കെ.ജി വിദ്യാര്‍ഥിയായ ജെയിംസ് ആണ് അധ്യാപകന്റെ ക്രൂര പീഡനത്തിനിരയാത്. അന്ന് കുട്ടിയുടെ അച്ഛന്‍ നഗരത്തിന് പുറത്തായിരുന്നു. അമ്മയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ കുട്ടിയുടെ മുത്തച്ഛനാണ് കുട്ടിയെ സ്‌കൂളില്‍ വിട്ടത്. കുട്ടി സ്‌കൂള്‍ ബാഗ് വീട്ടില്‍ മറന്നുവെച്ചതിന്റെ പേരില്‍ അധ്യാപകൻ മകനെ ക്രൂരമായി മര്‍ദിക്കുകയും കുട്ടിയുടെ വസ്ത്രങ്ങളും ചെരിപ്പുകളും അഴിച്ചുമാറ്റി, ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിക്കുകയുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ദിലീപ് പറഞ്ഞു.
കണ്ണീരോടെ വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അധ്യാപകന്റെ ക്രൂരത അമ്മയോട് പറയുകയായിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ ഉടന്‍ സ്‌കൂളിലെത്തി പ്രതിഷേധിക്കുകയും സംഭവം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ലോധ പൊലീസ് സ്‌കൂളിലെത്തി അന്വേഷണം ആരംഭിച്ചു.
അതേസമയം കുട്ടിക്ക് ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചെന്ന ആരോപണം തെറ്റാണെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ കാണിക്കാന്‍ തയ്യാറാണെന്നും മുഴുവന്‍ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.