സുപ്രീംകോടതി

70 കൊളീജിയം ശിപാർശകളിൽ മിക്കതും അംഗീകരിച്ചെന്ന് കേന്ദ്രം

ന്യൂഡൽഹി: ജഡ്ജി നിയമനങ്ങൾക്കായുള്ള 70 ഹൈകോടതി കൊളീജിയം ശിപാർശകളിൽ മിക്കവാറും എല്ലാം അംഗീകരിച്ചതായി കേന്ദ്രസർക്കാർ തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞവർഷം നവംബർ തൊട്ടുള്ള ശിപാർശകളിൽ നടപടി എടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ കഴിഞ്ഞതവണ സുപ്രീംകോടതി നൽകിയ കടുത്ത മുന്നറിയിപ്പിനെ തുടർന്നാണ് അറ്റോണി ജനറൽ വെങ്കിട്ടരമണി ഇക്കാര്യമറിയിച്ചത്.

ഒന്നുകിൽ ജഡ്ജി നിയമന വിജ്ഞാപനമിറക്കുകയോ അല്ലെങ്കിൽ, വ്യക്തമായ കാരണം ബോധിപ്പിച്ച് കൊളീജിയത്തിലേക്ക് ശിപാർശകൾ മടക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഓർമിപ്പിച്ചു. കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും.

നിയമന ഉത്തരവിനുള്ള പ്രക്രിയ നടക്കുകയാണെന്നും ഒക്ടോബർ അവധിക്കുമുമ്പ് തീർക്കുമെന്നും എ.ജി ബോധിപ്പിച്ചു. 26 ഹൈകോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ 14 പേരുടേത് കേന്ദ്രം അംഗീകരിച്ചുവെന്നും 12 ഫയലുകൾ പ്രക്രിയയിലാണെന്നും എ.ജി തുടർന്നു. മണിപ്പൂർ ഹൈകോടതി ചീഫ് ജസ്റ്റിസ് നിയമന ശിപാർശയും അംഗീകരിച്ചിട്ടുണ്ട്.

സുപ്രീംകോടതി കൊളീജിയം രണ്ടാമതും ശിപാർശ ചെയ്തവരെ കൽപിത ജഡ്ജിമാരായി പ്രഖ്യാപിക്കണമെന്ന് അഭിഭാഷകരായ പ്രശാന്ത് ഭൂഷണും അരവിന്ദ് ദത്തറും ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചില്ല. പ്രായോഗികമായി സങ്കീർണതകളുള്ള ആ നിയമനമെങ്ങനെ നടപ്പാക്കുമെന്ന് ജസ്റ്റിസ് കൗൾ ചോദിച്ചു. കൊളീജിയത്തെ ഇനിയും അനിശ്ചിതത്വത്തിൽ നിർത്താനാവില്ലെന്നും രണ്ടിലൊരു തീരുമാനം എടുത്ത് തുടർ നടപടി അറിയിക്കണമെന്നും ബെഞ്ച് കേന്ദ്രത്തോട് പറഞ്ഞു.

Tags:    
News Summary - The Union Goverment has accepted most of the 70 collegium recommendations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.