ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കുമുമ്പ് മോദിസർക്കാർ പ്രഖ്യാപിച്ച അസാധാരണമായ അഞ്ച് ഭാരത് രത്ന പുരസ്കാരങ്ങളിൽ ഒന്നിന് ഹരിത ഭംഗി. കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥനെ ആദരിക്കുന്നത് ഒഴിച്ചാൽ, മറ്റു നാലിലും തെളിഞ്ഞത് കൃത്യമായ കാവിരാഷ്ട്രീയ താൽപര്യങ്ങൾ.
മരിച്ച് 36 വർഷങ്ങൾക്കുശേഷം മുൻപ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിനെ മോദിസർക്കാർ ആദരിക്കുന്നത്, കൊച്ചുമകൻ ബി.ജെ.പിയുമായി ചങ്ങാത്തം സ്ഥാപിച്ച പശ്ചാത്തലത്തിലാണ്. രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരിയെ യു.പിയിൽ സഖ്യകക്ഷിയാക്കി ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങാൻ പിന്നാമ്പുറ ചർച്ചകൾ മിക്കവാറും പൂർത്തിയായി. ചരൺ സിങ്ങിന് ഭാരത് രത്നം നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോട് ജയന്ത് പ്രതികരിച്ചതും അതേ സ്വരത്തിലാണ്: ‘ഹൃദയം കവർന്നു.’
മനം കവർന്ന ബന്ധത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരും. കർഷകരുടെ ആരാധ്യ നേതാവായിരുന്ന ചരൺ സിങ്ങിന്റെ ചെറുമകൻ നയിക്കുന്ന പാർട്ടിക്ക് രണ്ട് ലോക്സഭ സീറ്റ്, ഭാര്യക്ക് രാജ്യസഭാംഗത്വം, യോഗി മന്ത്രിസഭയിൽ രണ്ട് കാബിനറ്റ് പദവി, കേന്ദ്രമന്ത്രിസഭയിൽ ഒരു സീറ്റ് എന്നിങ്ങനെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. സമാജ്വാദി പാർട്ടി, കോൺഗ്രസ്, ആർ.എൽ.ഡി എന്നിവ ഒന്നിച്ചുനിന്ന് യു.പിയിൽ ബി.ജെ.പിയെ നേരിടാൻ ഒരുങ്ങുന്നതിനിടെയാണ് ഈ റാഞ്ചൽ.
ബിഹാറിലെ പിന്നാക്കവിഭാഗ നേതാവായിരുന്ന കർപ്പൂരി ഠാകുറിന് മരണാനന്തര ബഹുമതിയായി ഭാരത് രത്ന പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ആർ.എൽ.ഡിയും കോൺഗ്രസും പങ്കാളികളായ മഹാസഖ്യം തകർത്ത് ജനതാദൾ-യു നേതാവ് നിതീഷ് കുമാർ ബി.ജെ.പി പാളയത്തിലേക്ക് വീണ്ടും ചാടുകയും മുഖ്യമന്ത്രിസ്ഥാനം നിലനിർത്തുകയും ചെയ്തത്. ഇൻഡ്യ മുന്നണിയുടെയും ജാതി സെൻസസിന്റെയും വക്താവും പ്രയോക്താവുമായിരുന്നയാൾക്ക് മുന്നണി മാറ്റത്തിനൊരു കാരണം പറയാൻ ഭാരത് രത്ന സഹായകമായി.
പുതിയ ഭാരത് രത്ന പ്രഖ്യാപനത്തോടെ, പരമോന്നത സിവിലിയൻ പുരസ്കാരം നേടുന്ന ‘അയോധ്യ ഫെയിം’നേതാക്കൾ മൂന്നായി.
വാജ്പേയി-അദ്വാനിമാരാണ് അയോധ്യ പ്രക്ഷോഭ നായകരെങ്കിൽ, ബാബരി മസ്ജിദ് തകർച്ചയുടെ നേരത്ത് അനങ്ങാപ്പാറയായി നിന്ന് പ്രതിക്കൂട്ടിലായ പ്രധാനമന്ത്രിയാണ് നരസിംഹറാവു. അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടന്ന് ആഴ്ചകൾക്കകമാണ് എൽ.കെ. അദ്വാനിക്ക് പിന്നാലെ റാവുവിനും ഭാരത് രത്ന കിട്ടുന്നത്.
പ്രധാനമന്ത്രി, കോൺഗ്രസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച നേതാവാണെങ്കിലും ബാബരി സംഭവം, സോണിയ ഗാന്ധിയുമായി ഉണ്ടായ അകൽച്ച എന്നിവമൂലം പിൽക്കാലത്ത് നരസിംഹറാവു കോൺഗ്രസിന് അനഭിമതനായി. 2004 ഡിസംബറിൽ റാവു മരിച്ചപ്പോൾ മൃതദേഹം എ.ഐ.സി.സി ആസ്ഥാനവളപ്പിൽ കയറ്റാനോ ദേശീയ നേതാവെന്ന നിലയിൽ ഡൽഹിയിൽ സംസ്കാരം നടത്താനോ കോൺഗ്രസ് താൽപര്യപ്പെട്ടില്ല. ബാബരി തകർച്ചയോടെ ന്യൂനപക്ഷങ്ങൾ അകന്നതിൽ വലിയ പങ്കുവഹിച്ച റാവുവിനെ മരണത്തിലും കോൺഗ്രസ് കൈയൊഴിഞ്ഞിരുന്നു. റാവുവിന് ഭാരത് രത്ന നൽകുന്നതിൽ കോൺഗ്രസ് വിരുദ്ധ, ഹിന്ദുത്വതൽപര രാഷ്ട്രീയം തെളിഞ്ഞുകിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.