കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിന് സമീപം 13 വയസ്സുകാരിയെ മൂന്നുപേർ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പരാതി നൽകിയതിന് പിന്നാലെ ഇരയുടെ പിതാവ് വാഹനമിടിച്ച് കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ആശുപത്രിയിൽ പെൺകുട്ടിയുടെ വൈദ്യ പരിശോധന നടക്കുേമ്പാൾ പിതാവ് ചായ കുടിക്കാൻ പുറത്തിറങ്ങിയതായിരുന്നു. ഈ സമയത്ത് ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ട് ദിവസം മുമ്പാണ് മൂന്നുേപർ ചേർന്ന് മകളെ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് പരാതി നൽകിയത്. ഇതോടെ ഇയാൾക്കും കുടുംബത്തിനുമെതിരെ ഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. കേസിലെ പ്രധാന പ്രതിയായ ഗോലു യാദവിന്‍റെ പിതാവ് യു.പി പൊലീസിൽ സബ് ഇൻസ്പെക്ടറാണ്. 'എന്‍റെ മകനെ ഇനി അവർ കൊലപ്പെടുത്തും. സംഭവത്തിൽ പൊലീസ് പ്രതികൾക്കായി ഒത്തുകളിക്കുകയാണ്' -ഇരയുടെ പിതാവ് കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ചൊവ്വാഴ്ച പെൺകുട്ടിയുടെ മറ്റൊരു കുടുംബാംഗവും മാധ്യമപ്രവർത്തകരോട് തങ്ങൾ ഭീഷണി നേരിടുന്നുണ്ടെന്ന് അറിയിച്ചിരുന്നു. 'ഞങ്ങൾ പരാതി നൽകിയയുടനെ പ്രധാന പ്രതിയുടെ സഹോദരൻ ഞങ്ങളെ ഭീഷണിപ്പെടുത്താൻ തുടങ്ങി. എന്‍റെ പിതാവ് സബ് ഇൻസ്പെക്ടറാണെന്ന് പറഞ്ഞായിരുന്നു അയാൾ ഭീഷണിപ്പെടുത്തിയത്' -ഇവർ പറയുന്നു.
ഇരയുടെ പിതാവിന്‍റെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും േകസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നതായി കാൺപുർ പൊലീസ് മേധാവി ഡോ. പ്രീതീന്ദർ സിംഗ് അറിയിച്ചു. ഇര ആഘാതത്തിൽനിന്ന് മോചിതയായിട്ടുണ്ടെന്നും കേസ് അന്വേഷിക്കാൻ അഞ്ച് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും കാൺപുരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ബ്രിജേഷ് ശ്രീവാസ്തവ പറഞ്ഞു. പിതാവിനെ ഇടിച്ചിട്ട ട്രക്ക് കണ്ടെത്താനും ഡ്രൈവറെ അറസ്റ്റ് ചെയ്യാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.