അമൃത്പാലിനൊപ്പം തെരഞ്ഞെടുപ്പ് വിജയാഹ്ലാദം പങ്കിടാൻ ഭാര്യ ജയിലിൽ

ദിബ്രുഗഡ്: ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദം പങ്കിടാൻ സിഖ് വിഘടനവാദിയും വാരീസ് പഞ്ചാബ് ദേ തലവനുമായ അമൃത് പാൽ സിങ്ങിന്‍റെ ഭാര്യ കിരൺദീപ് കൗർ ജയിലിലെത്തി. അഭിഭാഷകൻ രാജ്ദീവ് സിങ്ങിനൊപ്പം അസമിലെ ജയിലിൽ എത്തിയാണ് കിരൺദീപ് കൗർ ഭർത്താവുമായി കൂടിക്കാഴ്ച നടത്തിയത്.

ജയിലിൽ കഴിയുന്ന അമൃത് പാൽ പഞ്ചാബിലെ ഖഡൂർ സാഹിബ് മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. 1,97,120 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സ്വതന്ത്ര സ്ഥാനാർഥി അമൃത് പാൽ വിജയിച്ചത്.

അമൃത് പാൽ ആകെ 4,04,430 വോട്ട് പിടിച്ചു. എതിർ സ്ഥാനാർഥികളായ കോൺഗ്രസിലെ കുൽബീർ സിങ് സൈറ 2,07,310 വോട്ടും ആം ആദ്മി പാർട്ടിയിലെ ലാൽജിത് സിങ് ഭുള്ളർ 1,94,836 വോട്ടും പിടിച്ചു. ഈ സീറ്റിൽ ശിരോമണി അകാലിദൾ, ബി.ജെ.പി സ്ഥാനാർഥികൾ മൂന്നും നാലും സ്ഥാനത്തെത്തി.

2023 ഫെബ്രുവരിയിൽ അമൃത്പാലിന്‍റെ ആഹ്വാന പ്രകാരം ഒരു സംഘമാളുകൾ പഞ്ചാബിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതോടെയാണ് വാരീസ് പഞ്ചാബ് ദേ നേതാക്കൾ അറസ്റ്റിലായത്. ദേശസുരക്ഷ നിയമപ്രകാരം അറസ്റ്റിലായ അമൃത്പാലിനെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

Tags:    
News Summary - The wife of Amritpal Singh reached the Dibrugarh Jail to meet him after his victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.