ഐക്യരാഷ്ട്രസഭ: ഭീകരപ്രവർത്തനങ്ങളുടെ സൂത്രധാരകരെ ലോകം തിരിച്ചറിയണമെന്നും അവരുടെ ചെയ്തികളുടെ ഉത്തരവാദിത്തം അവരിൽ തന്നെ എത്തണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ. ജനങ്ങളെ വിഡ്ഢികളാക്കാൻ അത്തരക്കാരെ അനുവദിക്കരുതെന്നും ഭീകരതയുടെ ഇരകളാണ് തങ്ങളെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന അവരുടെ തന്ത്രം തിരിച്ചറിയണമെന്നും പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് ഇന്ത്യ തുറന്നടിച്ചു.
2008ലെ മുംബൈ ഭീകരാക്രമണം, പത്താൻകോട്ട്, പുൽവാമ ഭീകരാക്രമണങ്ങൾക്കെല്ലാം ലോകം സാക്ഷ്യം വഹിച്ചുവെന്നും ഈ ആക്രമണങ്ങൾ നടത്തിയവർ എവിടെനിന്നാണ് എത്തിയതെന്ന് നമുക്കെല്ലാവർക്കും അറിയാമെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ കൗൺസലർ രാജേഷ് പരിഹാർ തിങ്കളാഴ്ച വിശദീകരിച്ചു.
തെക്കൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഭീകരവിരുദ്ധ കമ്മിറ്റി എക്സിക്യൂട്ടിവ് ഡയറക്ടറേറ്റിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം പാകിസ്താനെതിരെ രൂക്ഷവിമർശനം നടത്തിയത്. ഈ ഭീകരപ്രവർത്തനങ്ങളുടെ ഇരകൾക്ക് ഇനിയും നീതി ലഭ്യമായിട്ടില്ലെന്ന് പറഞ്ഞ രാജേഷ് പരിഹാർ, ഇത് നടത്തിയവരും സന്നാഹമൊരുക്കിയവരും സാമ്പത്തികസഹായം ചെയ്തവരുമെല്ലാം ഒരു രാജ്യഭരണകൂടത്തിന്റെ പിന്തുണയിലും അഭയത്തിലും ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.
ഭീകരപ്രവർത്തന ഭീഷണി സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ അംഗരാജ്യങ്ങൾ നൽകുന്ന വിവരങ്ങളെ കണക്കിലെടുക്കുന്നതിൽ തുല്യപരിഗണന ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഇന്ത്യ, പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലശ്കറെ ത്വയ്ബ, ജയ്ശെ മുഹമ്മദ് ഭീകരസംഘടനകളിൽനിന്ന് നേരിടുന്ന ഭീഷണി ഗൗരവത്തോടെ കണക്കിലെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.