എറണാകുളം പ്രസ്ക്ലബിൽ വ്യാഴാഴ്ച വാർത്താസേമ്മളനം നടത്തിയ ബഹുമാന്യനായ ലക്ഷദ്വീപ് കലക്ടർ പറഞ്ഞത് ദ്വീപിൽ പ്രതിഷേധമൊന്നുമില്ല, പ്രതിഷേധിക്കുന്നത് തൽപരകക്ഷികളാണ് എന്നൊക്കെയാണ്. എന്നാൽ, ദ്വീപുകളിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ നിരവധി ചിത്രങ്ങളാണ് നവമാധ്യമങ്ങളിൽ കാണാനാവുന്നത്. അതിനെല്ലാം പുറമെ കിൽത്താൻ ദ്വീപിൽ ഇന്നലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കലക്ടറുടെ വാർത്താസമ്മേളനത്തിന് പിന്നാലെ ലക്ഷദ്വീപിൽ സർവകക്ഷിയോഗം നടന്നു. ദ്വീപ് ജനത ഒറ്റക്കെട്ടായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിെൻറ കടുംപിടിത്തത്തിനെതിരെ നിയമപോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചു. െഡയറി ഫാമുകൾ അടച്ചുപൂട്ടി മൃഗങ്ങളെ ലേലം ചെയ്യാനുള്ള തീരുമാനം ജനത ബഹിഷ്കരിക്കുകയും ചെയ്തു. ഗാന്ധിയൻ മാതൃകയിൽ ദ്വീപുകാർ നടത്തിയ നിസ്സഹകരണ സമരം സമ്പൂർണമായിരുന്നു.
ഗുണ്ടാനിയമം നടപ്പാക്കാൻ മാത്രമുള്ള പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നിരിക്കെ നിയമം നടപ്പാക്കാൻ ധൃതികൂട്ടുന്നതിൽ വലിയ പന്തികേടുണ്ട്. ലക്ഷദ്വീപിൽ അടുത്തിടെ മയക്കുമരുന്ന് കേസിൽ പിടിയിലായവർ ദ്വീപ് നിവാസികളല്ലെന്ന് വ്യക്തമാക്കിയ കലക്ടർ പിന്നെ അതാരായിരുന്നു എന്ന് പത്രക്കാരോട് പറയണമായിരുന്നു.
സ്കൂളുകളിലെ ബീഫ് നിരോധനവും മറ്റും ദ്വീപിനെക്കുറിച്ച് ഒന്നുമറിയാത്ത ചില 'നിരീക്ഷകർ' ചാനൽ ചർച്ചകളിലിരുന്ന് ന്യായീകരിക്കുന്നത് കണ്ടിരുന്നു. ഒരു കാര്യം അറിയണം, ബീഫ് എന്നത് വടക്കൻ ദ്വീപുകളിൽ കിട്ടാക്കനിയാണ്. പെരുന്നാളിനും കല്യാണങ്ങൾക്കും മാത്രമാണ് അവ സുലഭം. ഈ ദ്വീപുകളിൽ ഒരൊറ്റ അറവു ശാല പോലും ഇല്ല. എല്ലാ ദിവസവും മത്സ്യം കഴിക്കുന്ന വിദ്യാർഥികൾ ഒരുദിവസം മാംസപോഷണം ലഭ്യമാക്കാനുള്ള സൗകര്യത്തിനാണ് ഭരണകൂടം തടസ്സം നിൽക്കുന്നത്.
ഒരു പ്രദേശത്തിെൻറ സാമ്പത്തികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ തനിമയും വ്യത്യസ്തതയും നിലനിർത്താനും പരിപാലിക്കാനും ലക്ഷ്യം വെച്ചാണ് കേന്ദ്രഭരണപ്രദേശം നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാൽ, ലക്ഷദ്വീപിെൻറ സാമ്പത്തികവും സാംസ്കാരികവുമായ തനിമ തകർക്കുന്ന നിലപാടുകളാണ് അഡ്മിനിസ്ട്രേറ്ററിലൂടെ കേന്ദ്രഭരണകൂടം നടപ്പാക്കാൻ ശ്രമിക്കുന്നത്.ഒരു ജനതയുടെ കിടപ്പാടം വരെ കൈക്കലാക്കാനുള്ള നിയമങ്ങൾ കൊണ്ടുവരുന്നവരുടെ ലക്ഷ്യം വികസനമല്ല, മറിച്ച് ലക്ഷദ്വീപാണ്, അവിടത്തെ മനുഷ്യരാണ്.
(ലക്ഷദ്വീപിലെ കിൽത്താൻ സ്വദേശിനിയും കഥാകാരിയുമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.