ബംഗളൂരു: കര്‍ണാടകത്തില്‍ എം.ബി.ബി.എസ് കോഴ്സിന് സര്‍ക്കാര്‍ ക്വോട്ടയില്‍ അധികമായി 160 സീറ്റുകൾ ഉൾപ്പെടുത്തി സർക്കാർ. ചിക്കബെല്ലാപുരിലെ പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോഴ്സ് അനുമതിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ അടുത്തിടെ നാഷനല്‍ മെഡിക്കല്‍ കൗണ്‍സില്‍ (എന്‍.എം.സി.) അംഗീകരിച്ചതിനാല്‍ ഇവിടെ ആദ്യ ബാച്ചില്‍ 100 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും. ഇതോടൊപ്പം മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ 150 സീറ്റുകളുള്ളതില്‍ 60 സീറ്റുകള്‍ (40 ശതമാനം) സര്‍ക്കാര്‍ ക്വോട്ടയിലാണ്. ഇങ്ങനെയാണ് ഈ അധ്യയന വര്‍ഷം സര്‍ക്കാര്‍ ക്വോട്ടയില്‍ 160 എം.ബി.ബി.എസ് സീറ്റുകള്‍ അധികം ലഭിച്ചത്.
ചിക്കമഗളൂരു, ഹാവേരി, ഗദഗ് എന്നീ ജില്ലകളില്‍ പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതിനുള്ള അപേക്ഷ എന്‍.എം.സിയുടെ മുമ്പാകെയുള്ളതിനാല്‍ വരും നാളുകളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. എം.ബി.ബി.എസ് കോഴ്സിനുള്ള കൗണ്‍സലിങ് സര്‍ക്കാര്‍ ജനുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 31ന് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. കർണാടകയിൽ നിലവില്‍ 48 മെഡിക്കല്‍ കോളജുകളിലായി 8,000 എം.ബി.ബി.എസ് സീറ്റുകള്‍ ലഭ്യമാണ്. 2020-21 അധ്യയന വര്‍ഷം സര്‍ക്കാര്‍ ക്വോട്ടയില്‍ 3,640 സീറ്റുകളാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.