ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന് അനുകൂലമായ കനത്ത അടിയൊഴുക്കുകൾ സംഭവിക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിനും ഇൻഡ്യ സഖ്യത്തിനും ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് തടയാൻ ഇൻഡ്യക്ക് സാധിക്കുമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഖാർഗെ പറഞ്ഞു.
സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പും പടർത്തുന്ന ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും പ്രത്യയശാസ്ത്രത്തിനെതിരെ ഇപ്പോൾ പോരാടുന്നത് ജനങ്ങളാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് ജനങ്ങൾക്ക് തോന്നുന്നുണ്ട്. രാമക്ഷേത്രം, ഹിന്ദു-മുസ്‍ലിം, ഇന്ത്യ-പാകിസ്താൻ എന്നിവയുടെ പേരിൽ ബി.ജെ.പി ആവർത്തിച്ച് ആളുകളെ പ്രേരിപ്പിച്ച് വൈകാരികമായി കൊള്ളയടിക്കുന്നുവെന്ന് ഖാർഗെ ആരോപിച്ചു. രാജ്യത്തുടനീളം സഞ്ചരിക്കുമ്പോൾ, ഞങ്ങൾക്ക് അനുകൂലമായി ഒരു വലിയ അടിയൊഴുക്കുണ്ടെന്ന് മനസ്സിലാക്കുന്നു. കോൺഗ്രസ് പാർട്ടിക്കും ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷികൾക്കും ഇത്തവണ കൂടുതൽ സീറ്റുകൾ ലഭിക്കും. അധികാരത്തിലെത്താൻ ആവശ്യമായ സീറ്റുകൾ ബി.ജെ.പിക്ക് ലഭിക്കുന്നത് തടയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ല -അദ്ദേഹം പറഞ്ഞു.
ഇന്നലെ നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പിൽ 60.09 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. എട്ട് സംസ്ഥാനങ്ങളിലെ 49 സീറ്റുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഏഴ് സീറ്റുകളിൽ വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് -73 ശതമാനം. 13 സീറ്റിൽ വോട്ടെടുപ്പ് നടന്ന മഹാരാഷ്ട്രയിലാണ് കുറവ് -48.8 ശതമാനം പോളിങ്.
മേയ് 26ന് നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പിൽ എട്ട് സംസ്ഥാനങ്ങളിലെ 58 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കും. ജൂൺ ഒന്നിന് നടക്കുന്ന ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലാണ് വോട്ടെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ ജൂൺ ഒന്നിനാണ് വോട്ടെടുപ്പ്. ബി.ജെ.പി നേതൃത്വത്തിലുള്ള ശക്തമായ എൻ.ഡി.എ മുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞുവെന്ന് മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.