ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജെ.എൻ.യു വിദ്യാർഥി ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിക്കാന്‍ ഒരു ന്യായവുമില്ലെന്ന് ഡല്‍ഹി ഹൈകോടതി. കഴിഞ്ഞ ദിവസം പുറത്തുവന്ന ഡല്‍ഹി ഹൈകോടതിയുടെ വിശദമായ ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഷര്‍ജീലിനെതിരായ ഗുരുതരമായ ആരോപണങ്ങള്‍ വിചാരണ കോടതിയെ സ്വാധീനിച്ചെന്നും ഹൈകോടതി നിരീക്ഷിച്ചിട്ടുണ്ട്.
2020ല്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പങ്കാരോപിച്ചായിരുന്നു ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2019ല്‍ പൗരത്വ സമരത്തിനിടെ ഡല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ ഉള്‍പ്പെടെ നടത്തിയ പ്രസംഗമായിരുന്നു കേസിനാസ്പദമായത്. രാജ്യദ്രോഹം, യു.എ.പി.എ വകുപ്പുകൾ ചുമത്തപ്പെട്ട കേസില്‍ നാലു വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷമാണ് മേയ് 29ന് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചത്.
ആരോപണങ്ങള്‍ ഗുരുതരമാണെന്നത് കൊണ്ടു മാത്രം ജാമ്യം അനുവദിക്കാതിരിക്കാന്‍ ന്യായമില്ലെന്ന് ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കേട്ട്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒരു വിചാരണ തടവുകാരനെയും പരമാവധി ശിക്ഷാ കാലയളവിന്റെ പാതിക്കപ്പുറം തടങ്കലില്‍ വക്കരുതെന്ന ആശയത്തിലാണ് സി.ആര്‍.പി.സി നടപ്പാക്കിയിട്ടുള്ളത്. അതിനപ്പുറം തടവില്‍ നിര്‍ത്തണമെങ്കില്‍ യുക്തിസഹമായ കാരണങ്ങള്‍ വേണം.
ഇപ്പോഴത്തെ കേസില്‍ യുവാവിന് ജാമ്യം നല്‍കാതെ ജയിലില്‍ തന്നെ നിര്‍ത്താന്‍ തക്ക കാരണമൊന്നും കണ്ടെത്താനായിട്ടില്ല. ഷര്‍ജീലിനെതിരായ ആരോപണങ്ങള്‍ ഗൗരവമാണെന്ന ചിന്തയിലാണ്, കലാപത്തിലേക്ക് നയിച്ച പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് കാണിച്ച് കോടതി ജാമ്യാപേക്ഷ നിരസിച്ചതെന്നും ഹൈകോടതി നിരീക്ഷിച്ചു.
2020ലെ ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇതുവരെയും ഷര്‍ജീലിന് ജാമ്യം ലഭിച്ചിട്ടില്ല. അതിനാൽ ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും ഷര്‍ജീലിന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.