ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും വോട്ടിനും പ്രസംഗത്തിനും കൈക്കൂലി വാങ്ങുന്ന എം.പിമാർക്കും എം.എൽ.എമാർക്കും പ്രത്യേക നിയമ പരിരക്ഷയില്ലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഐകകണ്ഠ്യേന വിധിച്ചു. വോട്ടിന് കൈക്കൂലി വാങ്ങിയ എം.പിമാർക്ക് നിയമ പരിരക്ഷ നൽകി പി.വി. നരസിംഹ റാവു കേസിൽ അഞ്ചംഗ ബെഞ്ച് 1998ൽ പുറപ്പെടുവിച്ച ഭൂരിപക്ഷ വിധി റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റെ വിധി. സാമാജികർക്ക് പരിരക്ഷ നൽകരുതെന്ന കേന്ദ്ര സർക്കാർ നിലപാടുകൂടി അംഗീകരിച്ചാണ് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എ.എം. സുന്ദരേശ്, പി.എസ്. നരസിംഹ, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ കൂടി അടങ്ങുന്ന ബെഞ്ചിന്റെ വിധി.
ഭരണഘടനയുടെ 105(2), 194(2) അനുച്ഛേദങ്ങൾ പ്രകാരം പാർലമെന്റ് അംഗത്തിനും നിയമസഭാംഗത്തിനും കൈക്കൂലി കേസിൽ ക്രിമിനൽ പ്രോസിക്യൂഷൻ നടപടിയിൽനിന്ന് പരിരക്ഷയുണ്ടെന്ന ഭൂരിപക്ഷ വിധി തങ്ങൾ ഏകകണ്ഠമായി റദ്ദാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
സാമാജികർക്ക് നിയമ പരിരക്ഷ നൽകിയ നരസിംഹ റാവു കേസിലെ സുപ്രീംകോടതി വിധി പൊതുജീവിതത്തിലും പാർലമെന്ററി ജനാധിപത്യത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സഭാംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും പൊതുജീവിതത്തിലെ സത്യസന്ധത ഇല്ലാതാക്കും. ജനാധിപത്യ പ്രക്രിയ തകർക്കും. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇല്ലാതാക്കും.
നരസിംഹ റാവു കേസിലെ ഭൂരിപക്ഷ വിധി വൈരുധ്യാത്മകമാണ്. ഇത്തരമൊരു വിധി പുനഃപരിശോധിച്ചില്ലെങ്കിൽ അപകടം ഗുരുതരമാണ്. കൈക്കൂലിക്ക് അടിസ്ഥാനമായ വോട്ട് ചെയ്തോ, ചെയ്ത വോട്ട് ഉദ്ദേശിച്ച ഫലമുണ്ടാക്കിയോ എന്നതല്ല കൈക്കൂലി വാങ്ങിയോ എന്നതാണ് പ്രശ്നം. രാജ്യസഭ തെരഞ്ഞെടുപ്പും രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളും പാർലമെന്റ്-നിയമസഭ അംഗങ്ങളുടെ ഉത്തരവാദിത്തമായതിനാൽ അതിൽ ചെയ്യുന്ന വോട്ടും പാർലമെന്റ് നടപടിയുടെ ഭാഗമാണെന്ന് ഭരണഘടന ബെഞ്ച് വിലയിരുത്തി.
2012ൽ രാജ്യസഭ വോട്ടിന് കൈക്കൂലി വാങ്ങിയ കേസിൽ പരിരക്ഷ തേടി ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് സീത സോറൻ സമർപ്പിച്ച ഹരജിയിലാണ് 1998ലെ വിധിയുടെ നിയമസാധുതയിൽ സംശയം പ്രകടിപ്പിച്ച് പുനഃപരിശോധനക്കായി സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.