ബി.ജെ.പിക്കെതിരെ പോരാടുകയാണ് ലക്ഷ്യം; മമതക്ക് മറുപടിയുമായി ജയ്റാം രമേശ്

ന്യൂഡൽഹി: കോൺഗ്രസിനെതിരായ മമത ബാനർജിയുടെ പരാമർശത്തിന് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ പോരാടുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ തീർച്ചയായും ഉത്തർപ്രദേശിലേക്ക് പോകും. മമത ബാനർജിയുടെ മനസ്സിൽ ഒരു സംശയവും ഉണ്ടാകരുത്. ഭാരത് ജോഡോ ന്യായ് യാത്ര 11 ദിവസം യു.പിയിൽ ഉണ്ടാകും. അവർ കോൺഗ്രസ് പാർട്ടിയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല" - അദ്ദേഹം പറഞ്ഞു.

മമത ബാനർജി ഇൻഡ്യ മുന്നണിയുടെ ഭാഗമാണെന്നതാണ് ആവർത്തിച്ച് പറയാനുള്ളത്. കോൺഗ്രസും മുന്നണിയുടെ ഭാഗമാണ്. മുന്നണി ശക്തിപ്പെടുത്തുക എന്നതാണ് കടമയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതല രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ദേശീയ കാഴ്ചപ്പാട് സ്വീകരിക്കേണ്ടതുണ്ട്. ഇൻഡ്യ മുന്നണി ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയാണ്. നിയമസഭ തെരഞ്ഞെടുപ്പിനായല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധൈര്യമുണ്ടെങ്കിൽ ഉത്തർപ്രദേശ്, ബനാറസ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ മമത ബാനർജി വെല്ലുവിളിച്ചിരുന്നു. കോൺഗ്രസിന് 300ൽ 40 സീറ്റ് കിട്ടുമോയെന്ന് അറിയില്ലെന്നും അവർ ബംഗാളിലേക്ക് വരുന്നത് ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായിട്ടും തന്നെ അറിയിക്കുക പോലും ചെയ്തില്ലെന്നും മമത പറഞ്ഞു. 

സംസ്ഥാന നിയമ സഭയിൽ ഒരംഗം പോലുമില്ലാത്ത കോൺഗ്രസിന് താൻ രണ്ട് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തു. എന്നാൽ അത് നിരസിച്ച് അവർ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടു. അവർ 42 സീറ്റിലും മത്സരിച്ച് പരാജയപ്പെട്ടാൽ ബി.ജെ.പി സംസ്ഥാനത്ത് സ്ഥാനം പിടിക്കും. അതിന് അനുവദിക്കില്ലെന്ന് മമത പറഞ്ഞിരുന്നു.

Tags:    
News Summary - "There should one goal, to fight against BJP and RSS ideology," Jairam Ramesh on Mamata Banerjee's remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.