ന്യൂഡൽഹി: വിവാദമായ 2ജി സ്പെക്ട്രം കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയതിൽ സന്തോഷമുണ്ടെന്ന് മുഖ്യപ്രതികളിലൊരാളായിരുന്ന കനിമൊഴി. എല്ലാം ഗൂഢാലോചനയായിരുന്നു. ഇതിൽ ഒരാളെ കുറ്റപ്പെടുത്തുന്നില്ല. ഒടുവിൽ നീതി നടപ്പിലായതിൽ സന്തോഷമുണ്ട്. കനിമൊഴി പറഞ്ഞു.
കഴിഞ്ഞുപോയ ഏഴു വർഷങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നു. വിധി ഡി.എം.കെ പ്രവർത്തകർക്ക് ഊർജം നൽകുമെന്നും കനിമൊഴി പറഞ്ഞു.
ഒരു തെളിവുമില്ലാതെ യു.പി.എ സർക്കാറിനെതിരെ നടത്തിയ വലിയ പ്രചരണ തന്ത്രമായിരുന്നു 2ജി സ്പെക്ട്രം കേസെന്ന് തെളിഞ്ഞതായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു. യു.പി.എ സർക്കാറിനെ അകാരണമായി വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ നേതാക്കളായ കപിൽ സിബൽ, മനീഷ് തിവാരി, വീരപ്പ മൊയ് ലി എന്നിവർ മുൻ സി.എ.ജിയായിരുന്ന വിനോദ് റായിയെ വിമർശിച്ചു. ഇതിനെക്കുറിച്ച് ഉത്തരം പറയാൻ വിനോദ് റായ് ബാധ്യസ്ഥനാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
വിധി പകർപ്പ് ലഭിച്ചതിനുശേഷം തുടർനടപടികളെക്കുറിച്ച് അറിയിക്കാമെന്നായിരുന്നു സി.ബി.ഐ നിലപാട്. എന്നാൽ വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.