ന്യൂഡൽഹി: റിപ്പോർട്ടിങ്ങിനിടെ അറസ്റ്റിലാവുകയും ചോദ്യം ചെയ്യലിനിടെ ക്രൂരമായി മർദിക്കപ്പെടുകയും ചെയ്തെങ്കിലും കർഷകർക്കെതിരെ നടന്ന അതിക്രമങ്ങൾ ലോകത്തെ അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച മാധ്യമപ്രവർത്തകൻ മൻദീപ് പുനിയ.
സിംഘുവിൽ പൊലീസിെൻറ പിന്തുണയോടെ സംഘ്പരിവാർ പ്രവർത്തകരാണ് നാട്ടുകാർ എന്ന വ്യാജേനെ അതിക്രമം അഴിച്ചുവിട്ടത്. ഇതു തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തതോടെയാണ് പൊലീസിനെ തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി ജനുവരി 30ന് പുനിയയെ പൊലീസ് പിടികൂടിയത്.
'കാരവൻ മാഗസിനു' വേണ്ടി റിപ്പോർട്ട് ചെയ്യാനെത്തിയതാണ് താനെന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും പൊലീസ് വകവെച്ചില്ല. ഒരു ടെൻറിൽ കൊണ്ടുപോയി മർദിച്ച പൊലീസ് കാമറ തല്ലിത്തകർത്തു, ഫോണിലെ വിഡിയോകൾ ഡിലീറ്റ് ചെയ്യിച്ചു.
ഡൽഹിയിലേക്ക് കൊണ്ടുപോകും വഴി വാഹനത്തിൽ വെച്ചും മൂന്നിടങ്ങളിൽ നിർത്തിയും മർദനം തുടർന്ന പൊലീസ് തണുത്തു വിറക്കുന്ന രാത്രിയിൽ ജാക്കറ്റുകളെല്ലാം അഴിപ്പിച്ച് ഫാനിനടിയിൽ നിർത്തുകയും ചെയ്തു. എന്നാൽ, തിഹാറിൽ തന്നെക്കാൾ വലിയ അതിക്രമത്തിനിരയായവരെ കണ്ടതോടെ വേദനകൾ മറന്നുപോയി.
ജയിലിൽ പേനയും കടലാസും ലഭ്യമായിരുന്നുവെങ്കിലും പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും വന്ന കർഷകർ വിവരിച്ച ദുരിതങ്ങളെല്ലാം പൊലീസ് തല്ലിച്ചതച്ച് മുറിവേൽപ്പിച്ച തെൻറ കൈകാലുകളിൽ കുറിച്ചുവെച്ചു. അവ പുറംലോകത്തെ അറിയിക്കുക തന്നെ ചെയ്യും. തെൻറ മോചനത്തിനായി പ്രതികരിച്ചതുപോലെ റിപ്പോർട്ടിങ്ങിന് പുറപ്പെടവെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെപ്പോലുള്ളവർക്ക് വേണ്ടിയും ജനത ശബ്ദമുയർത്തണമെന്നും മൻദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.