‘തലകീഴായി കെട്ടിത്തൂക്കി അവർ ദേഹത്തേക്ക് മൂത്രമൊഴിച്ചു, തുപ്പിയ ഷൂസ് നക്കാൻ പറഞ്ഞു...’

മുംബൈ: ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്ന സംശയത്തിൽ തലകീഴായി കെട്ടിത്തൂക്കപ്പെട്ട ദലിത് യുവാക്കൾ നേരിട്ടത് അതിക്രൂര പീഡനം. അക്രമികൾ തങ്ങളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചെന്നും ഷൂ നക്കാൻ ആവശ്യപ്പെട്ടതായും അക്രമത്തിനിരയായ യുവാക്കളിലൊരാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘എന്‍റെ കാലിൽ കയർ കെട്ടി മരത്തിൽ തലകീഴായി തൂക്കിയിട്ടു. അവർ അയൽക്കാരാണ്. ഞങ്ങൾ താഴ്ന്ന ജാതിയിൽ നിന്നുള്ളവരാണ്. അവർ ഞങ്ങളുടെ ദേഹത്ത് മൂത്രമൊഴിച്ചു. അവർ തുപ്പിയ ഷൂസ് നക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു’ -ദലിത് യുവാക്കളിലൊരാളായ 20കാരൻ ശുഭം മഗാഡെ പറഞ്ഞു.

ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്ന സംശയത്തിന്‍റെ പേരിൽ ആറു പേരാണ് യുവാക്കളെ തലകീഴായി മരത്തിൽ കെട്ടിത്തൂക്കി ക്രൂര മർദനം നടത്തിയത്. യുവരാജ് ഗലാൻഡെ, മനോജ് ബോഡാകെ, പപ്പു പർഖെ, ദീപക് ഗെയിക്വാദ്, ദുർഗേഷ് വൈദ്യ, രാജു ബൊറാഗെ എന്നിവരാണ് പ്രതികൾ. പ്രതികളിൽ ഒരാൾ അറസ്റ്റിലായി. അഞ്ചു പ്രതികൾ ഒളിവിലാണ്.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീറാംപൂർ താലൂക്കിലെ ഹരെഗാവ് ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. 20കാരായ ദലിത് യുവാക്കളെ വീട്ടിൽനിന്ന് അക്രമികൾ ബലമായി പിടിച്ച് കൊണ്ടുപോകുകയായിരുന്നു. അക്രമികളിലൊരാൾ തന്നെ ക്രൂര അക്രമത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതോടെ സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് ഹരേഗാവ് ഗ്രാമത്തിൽ ഇന്ന് വ്യാപരസ്ഥാപനങ്ങൾ തുറന്നിട്ടില്ല.

രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി വിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങളെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. ദലിതുകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി വക്താവ് മഹേഷ് തപസെ ആരോപിച്ചു.

Tags:    
News Summary - They Peed On Us says dalit youth hung upside down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.