ന്യൂഡൽഹി: ഹരിദ്വാർ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിവരുന്ന തീർഥാടകർ കോവിഡിനെ തങ്ങളുടെ സംസ്ഥാനങ്ങളിൽ പ്രസാദമായി നൽകുമെന്ന് മുംബൈ മേയർ കിഷോരി പെഡ്നേക്കർ. രാജ്യം കോവിഡ് രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന കുംഭമേള സംഘടിപ്പിക്കുന്നതിനെ വിമർശിക്കുകയാണ് ബൃഹാൻ മുംബൈ മുനിസിപ്പൽ കോർപറഷൻ മേയറായ കിഷോരി പെഡ്നേക്കർ.
കുംഭമേളയിൽ പങ്കെടുത്ത് മുംബൈയിൽ മടങ്ങിയെത്തുന്ന തീർഥാടകരെ ക്വാറന്‍റീനിൽ പാർപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി മേയർ പറഞ്ഞു. തീർഥാടകർ സ്വന്തം ചെലവിൽ ക്വാറന്‍റീൻ ചിലവുകൾ വഹിക്കേണ്ടി വരും.
'കുംഭമേളയിൽ നിന്ന് അതത് സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർ കൊറോണയെ 'പ്രസാദം' ആയി വിതരണം ചെയ്യും. അവരെ സ്വന്തം ചെലവിൽ അതത് സംസ്ഥാനങ്ങളിൽ ക്വാറന്‍റീനിലാക്കണം. മുംബൈയിൽ മടങ്ങിയെത്തുന്നവരെ ക്വാറന്‍റീനിലാക്കാൻ കോർപറേഷൻ ആലോചിക്കുന്നു' -മേയറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
മുംബൈ നഗരം പൂർണമായി അടച്ചിടേണ്ട സാഹചര്യമാണിതെന്നും അവർ പറഞ്ഞു. '95 ശതമാനം മുംബൈക്കാരും കോവിഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ട്. എന്നാൽ ബാക്കിയുള്ള അഞ്ച് ശതമാനം ആളുകളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. നിലവിലെ സാഹചര്യം പരിഗണിക്കുേമ്പാൾ നഗരം പൂർണമായി അടച്ചിടേണ്ട സ്ഥിതിയാണ്' -മേയർ പറഞ്ഞു.
24 മണിക്കൂറിനിടെ 63,729 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. 398 പേർ രോഗം ബാധിച്ച് മരിച്ചു. തലസ്ഥാന നഗരമായ മുംബൈയിൽ 24 മണിക്കൂറിനിടെ 8803 കേസുകൾ റിപ്പോർട്ട് ചെയ്തു. 53 പേരാണ് നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് പെരുകുന്ന സാഹചര്യത്തിൽ, സന്യാസിമാരിൽനിന്ന് നിർദേശം വന്നാൽ ഉത്തരാഖണ്ഡ് സർക്കാർ കുംഭമേള പാതിവഴിയിൽ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. സന്യാസിമാരുടെ ഉന്നത സമിതിയായ 'അഖാഡ പരിഷദ്' ആണ് ഇതുസംബന്ധിച്ച നിർദേശം സമർപ്പിക്കേണ്ടത്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രമുഖ സന്യാസി കൂട്ടായ്മയായ 'നിരഞ്ജനി അഖാഡ' തങ്ങളുെട അംഗങ്ങൾ ശനിയാഴ്ച തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 'ആനന്ദ് അഖാഡ'യും ശനിയാഴ്ച കുംഭമേള അവസാനിപ്പിക്കുകയാണ്. ഹരിദ്വാറിൽ കഴിഞ്ഞ ദിവസം 600 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കുംഭമേള ഈ മാസം അവസാനമാണ് അവസാനിക്കേണ്ടത്. ചില അഖാഡകൾ പിൻവാങ്ങാൻ തീരുമാനിച്ചെങ്കിലും ഉത്തരാഖണ്ഡ് മന്ത്രി ബൻസിധർ ഭഗത് ഉൾപ്പെടെ ചിലർ കുംഭമേള തുടരുമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.