ഇത് നമ്മുടെ ജനാധിപത്യത്തിന് കളങ്കം; ഡൽഹിയിൽ കാലാവസ്ഥാ പ്രവർത്തകരെ തടഞ്ഞതിനെതിരെ വാങ്ചുക്ക്

ന്യൂഡൽഹി: കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഡൽഹിയിലെ ലഡാക്ക് ഭവന് പുറത്തുനിന്ന് നിരവധി പേരെ ഡൽഹി പൊലീസ് കസ്റ്റഡയിൽ എടുത്തതായി റിപ്പോർട്ട്. പ്രതിഷേധക്കാരെ പൊലീസ് മന്ദിർ മാർഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായാണ് വിവരം. ഹിമാലയത്തി​ന്‍റെ സംരക്ഷണം മുൻനിർത്തി ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ ആറു മുതൽ വാങ്ചുക്ക് നിരാഹാര സമരം നടത്തിവരികയാണ്. കസ്റ്റഡിയിലെടുത്തവരിൽ സോനം വാങ്ചുക്കും ഉണ്ടെന്ന് നേരത്തെ പോലീസ് അറിയിച്ചെങ്കിലും പിന്നീട് അദ്ദേഹം ഇല്ലെന്ന് ഡൽഹി ഡി.സി.പി ദേവേഷ് മഹ്ല വ്യക്തമാക്കി.

അനധികൃത ഒത്തുചേരലുകൾ നിരോധിക്കുന്ന ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ 163ാം വകുപ്പ് ഡൽഹിയിൽ സ്ഥിരമായി നിലനിർത്തുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്തതിനെ തുടർന്ന് ഡൽഹി പൊലീസ് നിരവധി അനുയായികളെ കസ്റ്റഡിയിലെടുത്തതായി വിഡിയോ സന്ദേശത്തിൽ വാങ്ചുക്ക് പ്രതികരിച്ചു. ‘സമാധാനപരമായി ​പ്രതിഷേധിക്കാൻ നിരവധി പേർ ഇവിടെയെത്തി. അവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതിൽ വിഷമമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഞങ്ങൾക്ക് നിശബ്ദ പ്രതിഷേധം പോലും നടത്താൻ കഴിയാത്തത് സങ്കടകരമാണ്’ -വാങ്ചുക്ക് സന്ദേശത്തിൽ പറഞ്ഞു.

‘സെക്ഷൻ 163 നടപ്പിലാക്കിയതായി ഞങ്ങളെ അറിയിച്ചിരുന്നു. ഒരു ജനാധിപത്യ രാഷ്ട്രം വർഷം മുഴുവനും ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയതിൽ വിഷമം തോന്നുന്നു. ക്രമസമാധാനം തകരാൻ സാധ്യതയുള്ളിടത്തു മാത്രമാണ് സാധാരണ ഈ വകുപ്പ് താൽക്കാലത്തേക്ക് നടപ്പാക്കുക. ഇത് നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. കോടതികൾ ഇത് തിരിച്ചറിയണം. എങ്ങനെയാണ് ഇത്തരം വകുപ്പുകൾ ശാശ്വതമായി അടിച്ചേൽപ്പിക്കാൻ കഴിയുകയെന്നും’ അദ്ദേഹം ചോദിച്ചു. മഗ്‌സസെ അവാർഡ് ജേതാവു കൂടിയായ കാലാവസ്ഥാ പ്രവർത്തകൻ ആളുകളെ തടങ്കലിൽ വെച്ചതി​ന്‍റെ വിഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

ലേയിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് ചെയ്ത വാങ്ചുക്കിനെയും അനുയായികളെയും സെപ്റ്റംബർ 30ന് സിംഗു അതിർത്തിയിൽ വച്ച് ഡൽഹി പൊലീസ് തടഞ്ഞ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഒക്ടോബർ 2 ന് വിട്ടയച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ഉന്നത നേതൃത്വവുമായി ചർച്ച നടത്തി തങ്ങളുടെ ആവശ്യങ്ങൾക്കായി സമ്മർദം ചെലുത്തണമെന്നാണ് സംഘം ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ആദിവാസി മേഖലകളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുന്നു. ഈ മേഖലകളെ സ്വതന്ത്രമായി ഭരിക്കാൻ നിയമനിർമാണ, ജുഡീഷ്യൽ, എക്സിക്യൂട്ടീവ് അധികാരങ്ങളുള്ള സ്വയംഭരണ കൗൺസിലുകൾ സ്ഥാപിക്കാനും ഇത് അനുവദിക്കുന്നു.

ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കാർഗിൽ ഡെമോക്രാറ്റിക് അലയൻസിനൊപ്പം കഴിഞ്ഞ നാല് വർഷമായി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ‘ലേ അപെക്സ് ബോഡി’യാണ് ഡൽഹിയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. ലേ, കാർഗിൽ ജില്ലകൾക്ക് പ്രത്യേക ലോക്‌സഭാ സീറ്റുകൾ വേണമെന്ന ആവശ്യവും ഇവരുന്നയിക്കു​ന്നു.

Tags:    
News Summary - This is a blot on our democracy: Wangchuk on protestors detained outside Ladakh Bhawan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.