ന്യൂഡൽഹി: എൽ.ജി.ബി.ടി.ക്യു വിഭാഗത്തിൽപെട്ടവരും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും ഒരു ഇടം ഉണ്ടായിരിക്കണമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഈയൊരു കാഴ്ചപ്പാടിനെ സംഘ്പരിവാർ ഉയർത്തിക്കാട്ടണമെന്നും മുഖപത്രമായ ഓർഗനൈസറിനും പാഞ്ചജന്യക്കും നൽകിയ അഭിമുഖത്തിൽ മോഹൻ ഭാഗവത് പറഞ്ഞു. മുസ്ലിംകൾ ഭയപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്നും പക്ഷേ മേധാവിത്വം അവകാശപ്പെടരുതെന്നും ഭാഗവത് പറഞ്ഞതും ഇതേ അഭിമുഖത്തിലാണ്.
എൽ.ജി.ബി.ടി.ക്യുവിനെ ജീവശാസ്ത്രപരമായ പ്രത്യേകതയെന്നാണ് ആർ.എസ്.എസ് മേധാവി വിശേഷിപ്പിച്ചത്. 'ഇത്തരം സവിശേഷതകൾ ഉള്ളവർ എല്ലാക്കാലവും ഇവിടെയുണ്ടായിരുന്നു. മനുഷ്യരുണ്ടായ കാലം മുതലേയുണ്ട്. ഇതൊരു ജീവശാസ്ത്രപരമായ പ്രത്യേകതയാണ്, ജീവിതരീതിയാണ്. അവർക്ക് അവരുടേതായ സ്വകാര്യ ഇടങ്ങൾ ഉണ്ടാകണമെന്നും അവരും സമൂഹത്തിന്‍റെ ഭാഗമാണെന്ന് തോന്നണമെന്നുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇത് ലളിതമായൊരു കാര്യമാണ്. മറ്റെല്ലാ മാർഗവും വ്യർഥമാണെന്നതിനാൽ ഈയൊരു കാഴ്ചപ്പാട് ഉയർത്തിക്കാട്ടണം' -മോഹൻ ഭാഗവത് പറഞ്ഞു.
മുസ്ലിംകൾക്ക് ഇന്ത്യയിൽ പേടിക്കാൻ ഒന്നുമില്ലെ. പക്ഷേ, മേധാവിത്വം അവകാശപ്പെടരുത്. ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായിരിക്കും. അതാണ് ലളിതമായ സത്യം.
മുസ്ലിംകൾക്ക് ഹാനിയൊന്നും ഇവിടെയില്ല. തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ അങ്ങനെയാകാം. മുൻഗാമികളുടെ വിശ്വാസത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയുമാകാം. അത് അവരുടെ ഇഷ്ടം. ഹിന്ദുക്കൾക്ക് ശാഠ്യമൊന്നുമില്ല. എന്നാൽ, ‘‘ശ്രേഷ്ഠ മതം ഞങ്ങളുടേതാണ്. ഒരുകാലത്ത് ഇവിടം ഭരിച്ചു. വീണ്ടും ഭരിക്കും. ശരിയായ പാത ഞങ്ങളുടേതാണ്. മറ്റുള്ളതെല്ലാം തെറ്റാണ്. ഞങ്ങൾ വ്യത്യസ്തരാണ്. അതുകൊണ്ട് അങ്ങനെതന്നെ തുടരുകയും ചെയ്യും. നമുക്ക് ഒന്നിച്ചുകഴിയാൻ പറ്റില്ല’’ -ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങൾ മുസ്ലിംകൾ ഉപേക്ഷിക്കണം.
പരമ്പരാഗത രാഷ്ട്രീയത്തിൽനിന്ന് ആർ.എസ്.എസ് തുടർന്നും അകലം പാലിച്ചുനിൽക്കും. അധികാരത്തിൽ ഇല്ലാതിരുന്നപ്പോഴും സംഘിന്റെ വാക്കുകൾ കേട്ടിട്ടുള്ള നേതാക്കളുണ്ടെന്ന് പ്രണബ് മുഖർജി ധനമന്ത്രിയായിരുന്ന കാലത്തെ ചില സംഭവങ്ങളിലൂടെ അദ്ദേഹം വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.