അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലാകുന്നത് മൂന്നാം തവണ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇന്നലെയാണ് മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇതോടെ മൂന്നാം തവണയാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇന്നലത്തെ അറസ്റ്റോടെ പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി കൂടിയായി കെജ്രിവാൾ.

2012ലും 2014ലുമാണ് നേരത്തെ അറസ്റ്റിലായത്. രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് അണ്ണാ ഹസാരെക്കൊപ്പം ചേർന്നുള്ള ‘ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ’ പ്രക്ഷോഭത്തിന്റെ ഭാഗമായി 2012 ഒക്ടോബർ 12നായിരുന്നു ആദ്യ അറസ്റ്റ്. അന്ന് അഴിമതി ആരോപണം ഉയർന്ന കേന്ദ്രമന്ത്രി സൽമാൻ ഖുർഷി​ദിനെ മന്ത്രിസഭയിൽനിന്ന് നീക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചാണ് നടപടിയിലേക്ക് നയിച്ചത്. ചിലർ വസതിയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെ കെജ്രിവാൾ അടക്കമുള്ളവർ അറസ്റ്റിലാവുകയും ബവാന ജയിലിൽ അടക്കപ്പെടുകയുമായിരുന്നു.


2014ൽ ബി.ജെ.പി നേതാവ് നിധിൻ ഗഡ്കരിക്കെതിരായ ആരോപണത്തെ തുടർന്നുള്ള മാനനഷ്ടക്കേസിലായിരുന്നു അറസ്റ്റ്. ഗഡ്കരിയെ ‘കള്ളൻ’ എന്ന് വിളിക്കുകയും ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതിനായിരുന്നു നടപടി. കേസിൽ ജാമ്യത്തുകയായ 10,000 രൂപ അടക്കാൻ വിസമ്മതിച്ചതോടെയായിരുന്നു അറസ്റ്റ്. ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രണ്ട് മാസത്തിന് ശേഷമായിരുന്നു ഇത്. തുടർന്ന് തിഹാർ ജയിലിന് മുമ്പിൽ രാത്രിയും എ.എ.പി പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറുകയും നേതാക്കളായിരുന്ന മനീഷ് സിസോദിയ, സഞ്ജയ് സിങ്, യോഗേന്ദ്ര യാദവ് തുടങ്ങിയവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രണ്ട് ദിവസം തിഹാർ ജയിലിൽ അടക്കപ്പെട്ട ശേഷം ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 

Tags:    
News Summary - This is the third time that Arvind Kejriwal has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.