ന്യൂഡൽഹി: ഇന്ത്യ ചുവടുവെക്കുന്നത് സുപ്രധാനമായ ഒമ്പത് നിയമസഭ തെരഞ്ഞെടുപ്പുകളുടെ വർഷത്തിലേക്ക്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്ത വർഷം നടക്കേണ്ട ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്നതിൽ പ്രധാനം.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. കർണാടക തെരഞ്ഞെടുപ്പ് മേയിലാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് നവംബർ-ഡിസംബറിൽ. അതിനു മുമ്പ് ജൂലൈയിൽ 10 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പുണ്ട്.
രണ്ടാമൂഴത്തിന്റെ അവസാനത്തിലേക്ക് നീങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും ജനസ്വീകാര്യത ഈ നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാറ്റുരക്കപ്പെടും. കോൺഗ്രസിന് തിരിച്ചുവരവിന് എത്രത്തോളം കഴിയുമെന്നും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്തു ചലനമുണ്ടാക്കിയെന്നും വ്യക്തമാവും. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് ദേശീയ രാഷ്ട്രീയത്തിൽ എത്രത്തോളം വളരാൻ കഴിയുമെന്നതിന്റെ ഉരകല്ലുകൂടിയാവും ഈ നിയമസഭ തെരഞ്ഞെടുപ്പുകൾ. ആശയപരവും സാമുദായികവുമായ ഭിന്നതകളുടെ ആഴം വർധിപ്പിച്ചു കൊണ്ടാണ് 2022 കടന്നുപോയത്. ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളുമായുള്ള പോരിന്റെ രൂക്ഷതയും വർധിച്ചു. അതിനിടെ കഴിഞ്ഞ വർഷം നടന്ന ഏഴിൽ അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളിലും നേടിയത് ബി.ജെ.പിയാണ്. പ്രമുഖ സംസ്ഥാനങ്ങളായ യു.പിയും ഗുജറാത്തും ഇതിൽ ഉൾപ്പെടുന്നു.
ജി-20 ഉച്ചകോടിയുടെയും അനുബന്ധ പരിപാടികളുടെയും തിരക്കുകളിൽ അധ്യക്ഷ രാജ്യമായ ഇന്ത്യ മുങ്ങിനിൽക്കുന്ന വർഷംകൂടിയാണ് 2023. സെപ്റ്റംബറിലാണ് ജി-20 ഉച്ചകോടി ഡൽഹിയിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.