ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസ് വെടിവെപ്പിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കണമെന്ന് തമിഴ്നാട് സർക്കാറിനോട് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ആവശ്യപ്പെട്ടു. ഇതുമായ ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ട കോടതി ജൂൺ ആറിലേക്ക് കേസ് മാറ്റിവെച്ചു.
മധുര അഡ്വ. മുത്തുഅമുതനാഥൻ, തൂത്തുക്കുടി കന്തകുമാർ എന്നിവരാണ് തമിഴ്നാട് ഡി.ജി.പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കേസന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ചത്. വെള്ളിയാഴ്ച ജസ്റ്റിസുമാരായ എം.വി. മുരളീധരൻ, ടി. കൃഷ്ണവള്ളി എന്നിവർ ഹരജി പരിഗണിച്ചു.
തമിഴ്നാട് സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കറ്റ് ജനറൽ ചെല്ലപാണ്ഡ്യൻ തമിഴ്നാട് സർക്കാർ റിട്ട. ജസ്റ്റീസിെൻറ നേതൃത്വത്തിൽ ഏകാംഗ കമീഷനെ നിയോഗിച്ചതായി അറിയിച്ചു.
നിബന്ധനകൾ പാലിച്ചിട്ടാണോ പൊലീസ് വെടിവെപ്പ് നടത്തിയതെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം സർക്കാർ നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തുമെന്നായിരുന്നു അഡീഷനൽ അഡ്വക്കറ്റ് ജനറൽ അറിയിച്ചത്. എന്നാലിത് കോടതി അംഗീകരിച്ചില്ല. മേയ് 22നാണ് തൂത്തുക്കുടിയിൽ നടന്ന പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.